തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2021 ജൂണ്‍ 21- ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭര്‍ത്താവായ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടതിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍.
സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ യും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്.
എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്- ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.