അടൂര്‍: വിവാഹം കഴിഞ്ഞ് 17 വര്‍ഷം പിന്നിട്ടയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ അറസ്റ്റ്. പറക്കോട് മുല്ലൂര്‍ക്കുളങ്ങര അണ്ടൂര്പ്പടി (കല്ലിക്കോട്ട്പടി) കൊടുമണ്ണേത്ത് ബിനു(40)വാണ് അറസ്റ്റിലായത്.
2004ലായിരുന്നു പറക്കോട് സ്വദേശിനിയെ ബിനു വിവാഹം ചെയ്തത്. രണ്ട് കുട്ടികളുമുണ്ട്.2009 മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചുവരുന്നതായി പരാതിയില്‍ പറയുന്നു.
പലതവണ ഇതുസംബന്ധിച്ച പരാതി പോലീസില്‍ നല്‍കിയിരുന്നു. ഇരുവരെയും വിളിച്ച് പോലീസ് പലതവണ സന്ധി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതാണ്. ഞായറാഴ്ച മദ്യലഹരിയിലെത്തിയ ബിനു ഭാര്യയെ മര്‍ദിച്ചു.
ഇതേത്തുടര്‍ന്ന് വിരലിനു പൊട്ടലുണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വീട്ടിൽനിന്ന് കൂടുതല്‍ സ്ത്രീധനം വാങ്ങിവരണമെന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്നു പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഡിവൈഎസ്പി വിനോദിനു ലഭിച്ച പരാതിയില്‍ ഇന്‍സ്പെക്ടര്‍ സുനുകുമാറാണ് ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.