ചേര്‍ത്തല: സ്ത്രീധന പീഡനങ്ങൾക്കെതിരേ പടപൊരുതാൻ യോഗം പ്രവർത്തകർ തയ്യാറാകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങൾ നടത്താൻ എസ് എൻഡിപി യോഗം വിവാഹപത്രിക നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി ഇടുക്കി, പത്തനംതിട്ട ജില്ലാ നേതൃസമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലുമൊക്കെ ഇപ്പോൾ കൂടുതലും അക്രമത്തിന്റെയും പീഡനത്തിന്റെയും വാർത്തകളാണ്. കുടുംബബന്ധങ്ങൾ മറന്നുള്ള അതിക്രമങ്ങളും ഏറെ കാണാം.
ഇതിനെതിരേ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. പീഡനത്തിനിരയായി മരിച്ച യുവതിയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തിയത് നാടിന്റെ വികാര വിചാരങ്ങൾ ഉൾക്കൊണ്ടാണ്.
സ്ത്രീ പീഡനങ്ങൾ ഇല്ലാതാക്കാൻ എസ്എൻഡിപി യോഗം രംഗത്തിറങ്ങും.സ്ത്രീധനം ചോദിക്കുന്നവരെയും കൊടുക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ എത്തിക്കും. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടപ്പാക്കും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കാൻ യൂണിയനുകളും ശാഖകളും പോഷകസംഘടനകളും ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലാ നേതൃയോഗത്തിൽ കെ.പത്മകുമാറും ഇടുക്കി ജില്ലാ നേതൃയോഗത്തിൽ എം.ബി. ശ്രീകുമാറും അധ്യക്ഷത വഹിച്ചു.