തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി സർക്കാർ. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകാനാണ് സർക്കാരിന്റെ ഉത്തരവ്.
ഉദ്യോഗസ്ഥരിൽനിന്ന് സത്യവാങ്മൂലം അതാത് സെക്ഷനിലെ മേധാവികൾ വാങ്ങിസൂക്ഷിക്കണമെന്നു സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ ആറ് മാസം കൂടുന്പോൾ വകുപ്പ് മേധാവികൾ ജില്ലകളിലെ ഡൗറി പ്രൊഹിബിഷൻ ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു തെറ്റായ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ അതിന്മേൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർക്ക് നടപടിയെടുക്കുന്നതിനായാണ് ഈ റിപ്പോർട്ട് നൽകുന്നത്.
സ്ത്രീധന നിരോധന നിയമം ശക്തമായ രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കാനാണ് സർക്കാരിന്റെ നടപടി.സ്ത്രീധന സന്പ്രദായത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അത് സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാക്കുന്ന അസ്വസ്തതകളെ കുറിച്ചും സർക്കാർ ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കാനാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു വനിത ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നു.