ഏറ്റവും തിരക്കുള്ള ജോലികളില്‍ ഒന്നാണ് ഡോക്ടര്‍മാരുടേത്. പ്രത്യേകിച്ച് ഗൈനക്കോളജി ഡോക്ടറുടേത്. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഇല്ലെങ്കില്‍ നമ്മുക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.
സ്ഥിരമായി കാണുന്ന ഡോക്ടറെ കാണുവാന്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും നമ്മള് കാത്തിരിക്കും. മണിക്കൂറുകളോളം തുടര്‍ച്ചയായി രോഗിയെ നോക്കിയ ശേഷം ഡോക്ടര്‍ വെള്ളം കുടിക്കാന്‍ റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയാല്‍ പോലും നമ്മളെല്ലാം അസ്വസ്ഥരാകും.
ഡോക്ടര്‍ ഇനി എപ്പോള്‍ വരുമെന്ന ചിന്തയാകും. എന്നാല്‍ ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ മാനസിക അവസ്ഥയും അവരുടെ വ്യക്തിജീവിതവും എങ്ങനെയായിരിക്കുമെന്ന് ഭൂരിപക്ഷം പേരും ചിന്തിക്കാത്ത കാര്യമാണ്.
രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ നിന്ന് രാത്രി വൈകി വീട്ടില്‍ എത്തിയാല്‍ പോലും ഒരു എമര്‍ജന്‍സി കോള്‍ എപ്പോള്‍ വേണമെങ്കിലും എത്താം.
ഗൈനക്കോളജി ഡോക്ടറുടെ ഒരു ദിനം എങ്ങനെയാണ് കടന്നു പോകുന്നതെന്ന് കാണിച്ചുതരികയാണ് ‘ഡേ ഇന്‍ ദ ലൈഫ് ഓഫ് എ ഗൈനോക്കോളജിസ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകറാണ് ഈ കൊച്ചുചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിനങ്ങള്‍കൊണ്ട് യൂട്യൂബില്‍ വൈറലായി മാറിയ ഷോര്‍ട്ട്ഫിലിം കാണാം.