ആലപ്പുഴ: പൊന്നോമനയുടെ ജന്മദിനത്തിന്റെ സന്തോഷങ്ങൾ അലയടിക്കേണ്ടവീട്ടിൽ ചിതയൊരുങ്ങുന്ന കാഴ്ച ഒരുനാടിനെയാകെ കണ്ണീരണിയിക്കുന്നു.
ട്യൂഷൻ കഴിഞ്ഞ് പിതൃസഹോദരനോടൊപ്പം ബൈക്കിൽ പിറന്നാൾ ഡ്രസെടുക്കാൻ പോയ ആലപ്പുഴ തിരുവന്പാടി ഇരവുകാട് ഭഗനശാലവേദി (കൊന്പത്താംപറന്പിൽ) വീട്ടിൽ ജയമോൻ-ഷീബ ദന്പതികളുടെ മകൾ ദയ ജയമോൻ (11) ആണ് അപകടത്തിൽ മരിച്ചത്.
ഇന്നായിരുന്നു ദയയുടെ ജന്മദിനം. ജന്മദിനത്തിൽ തന്നെ മകളുടെ സംസ്കാരചടങ്ങുകൾ നടത്തേണ്ടി വന്നതിന്റെ നടുക്കത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല വീട്ടുകാരും ബന്ധുക്കളും.
ശനിയാഴ്ച വൈകിട്ട് 6.45ന് ചങ്ങനാശേരിമുക്കിന് പടിഞ്ഞാറെ ഭാഗത്ത് ആലപ്പുഴ ബൈപ്പാസിലായിരുന്നു അപകടം. തിരുവനന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദയയും ഇളയച്ഛൻ രതീഷ് പണിക്കരും റോഡിലേക്ക് തെറിച്ചു വീണു. ഇരുവരെയും ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കാൽ ഒടിഞ്ഞ നിലയിലായിരുന്ന ദയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്നലെ ഉച്ചക്ക് 2.45ന് മരിച്ചു. കളർകോട് യു.പി സ്ളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ സംസ്കരിക്കും.
ഏകസഹോദരി ദിയ. കോതമംഗലം സ്വദേശികളായ വനിതകളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. അപകത്തെ തുടർന്ന് കാർ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്ക് ഓടിച്ചിരുന്ന ദയ ജയമോന്റെ ഇളയച്ഛൻ കലവൂർ കൊന്പത്താൻ പറന്പിൽ രതീഷ് പണിക്കർക്കും (38) പരിക്കേറ്റു.