റെജി ജോസഫ്
കോട്ടയം: പ്രമുഖ മനുഷ്യാവകാശപ്രവർത്തക ദയാഭായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും.
കാസർഗോട്ടെ എൻഡോസൾഫാൻ ബാധിതരുടെ അതിജീവന പോരാളികൂടിയായ ദയാഭായി കർഷകരുടേതുൾപ്പെടെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള താൽപര്യത്തിലാണ് മത്സരത്തിനിറങ്ങുന്നത്.
എതിർസ്ഥാനാർഥികളെയോ മുന്നണികളെക്കുറിച്ചോ അറിയേണ്ടതില്ലെന്നും ജീവിതം ജനങ്ങൾക്കായി സമർപ്പിച്ച തനിക്ക് നിയമസഭ ജനസേവനത്തിനും നിയമനിർമാണത്തിനുമുള്ള വേദിയാകുമെന്നും 80കാരിയായ ദയാഭായി പറഞ്ഞു.
നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള ചെലവിനു പുറമേ ഒരു പ്രസ്താവന മാത്രമേ പ്രചാരണത്തിന് ഇറക്കാൻ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങളെ നേരിൽ സന്ദർശിച്ച് അവർക്കൊപ്പം താമസിച്ച് ആശയവിനിമയം നടത്തും.
പാലാ പൂവരണി പുല്ലാട്ട് മാത്യു -എലിക്കുട്ടി ദന്പതികളുടെ 14 മക്കളിൽ മൂത്തയാളാണ് മേഴ്സി മാത്യു എന്ന ദയാഭായി. നിയമം, സാമൂഹിക സേവനം എന്നിവയിൽ ബിരുദങ്ങൾ നേടിയിട്ടുള്ള ദയാഭായി വിവിധ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾക്കുശേഷം മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ടിൻസായി, ബാറുൾ ഗ്രാമങ്ങളിൽ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഗോണ്ഡ് വിഭാഗക്കാരായ ആദിവാസികളെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിച്ച് ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാൻ മൂന്നു പതിറ്റാണ്ടിലേറെയായി ദയാഭായി ഇവരുടെ വേഷത്തിലും സംസ്കാരത്തിലും മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ കഴിയുന്നു.
കേരളത്തിൽ ഉൾപ്പെടെ ദേശീയ ശ്രദ്ധയാകർഷിച്ച എല്ലാ മനുഷ്യാവകാശ പോരാട്ടങ്ങളിലും പങ്കാളിയാണ്. നീതി നിഷേധത്തിനെതിരെ നടത്തിയ പോരാട്ടങ്ങളിലും പ്രതിഷേധങ്ങളിലും പലതവണ ജൻമികളുടെ മാരക മർദനങ്ങൾക്ക് ഇരയായിട്ടുണ്ട്.
മനുഷ്യാവകാശ പോരാട്ടങ്ങൾക്കും നിസ്വാർഥ സേവങ്ങൾക്കും ആദരവും അംഗീകാരവുമായി വുമണ് ഓഫ് ദി ഇയർ ഉൾപ്പെടെ നൂറിലേറെ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
നിലവിൽ ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിലും ഇവർ പങ്കാളിയാണ്. പച്ചവിരൽ എന്ന ആത്മകഥ പ്രസിദ്ധമാണ്. വയനാട്ടിലെ ആദിവാസി ജീവിതം ഇതിവൃത്തമാക്കിയ കാന്തൻ, ഞാൻ നിന്നോടുകൂടെയുണ്ട് എന്നീ സിനിമകളിൽ വേഷമിട്ടു.
കൂടാതെ ഇവരുടെ സംഭവബഹുല ജീവിതം ഉള്ളടക്കമാക്കി ദയാഭായി എന്ന ഹിന്ദി സിനിമയും ഒറ്റയാൾ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. കാസർഗോഡിനേക്കാൾ പരിചയവും ബന്ധങ്ങളും കൂടുതലുള്ള പാലായിൽ മത്സരിക്കാനാണ് താൽപര്യം.
പാർട്ടികൾക്കും മുന്നണികൾക്കും ഉപരിയായി വ്യ്ക്തിബന്ധമാണ് വലുത്.നിയമസഭയിലേക്കു മത്സരിക്കാൻ പാലായിലെ വിവിധ സംഘടനകളും വ്യക്തികളും തന്നെ പിൻതുണയ്ക്കുന്നുണ്ടെന്നും ജനസേവനത്തിനുള്ള വലിയ അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും ദയാഭായി പറഞ്ഞു.