പരിയാരം: നിസഹായരും നിരാലംബരുമായ രോഗികള്‍ക്കൊപ്പം ഇനി പരിയാരം മെഡിക്കല്‍ കോളജില്‍ ‘ദയ പരിയാരം’ കൂട്ടിനുണ്ടാവും. പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന് 2016 ല്‍ -ആവേശത്തിരയിളക്കം കാരുണ്യത്തിന് കൈത്താങ്ങ്- എന്ന സന്ദേശത്തോടെ നടത്തിയ വോളിബോള്‍ ഫെസ്റ്റിന്റെ ഭാഗമായി സമാഹരിച്ച തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ദയ പരിയാരം എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്നത്.
ദിനംപ്രതി ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദയ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചക്ക് ഒന്നിന് പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഐആര്‍പിസി ഉപദേശകസമിതി ചെയര്മാന് പി.ജയരാജന് ദയക്ക് വേണ്ടി സംഭാവന ഏറ്റുവാങ്ങും. സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനം മെഡിക്കല്‍ കോളജ് ചെയര്മാന് ശേഖരന് മിനിയോടനും ലോഗോ പ്രകാശനം ഒ.വി.നാരായണനും മെമ്പര്‍ഷിപ്പ് വിതരണം മെഡിക്കല്‍ കോളജ് വൈസ് ചെയര്മാന് പി.പുരുഷോത്തമനും നിര്‍വഹിക്കും.
ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ബാലകൃഷ്ണനും പ്രകാശനം ചെയ്യും.കൂടാതെ ഡയാലിസിസിന് വിധേയരാവുന്ന ഏറ്റവും പാവപ്പെട്ട രോഗികള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ കോളജ് ജംഗ്ഷന് മുതല്‍ പരിയാരം മെഡിക്കല്‍ കോളജ് വരെയുള്ള യാത്രാപാസ് വിതരണവും ചടങ്ങില്‍ വെച്ച് മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.പി. ദാമോദരന്‍ നിര്‍വ്വഹിക്കും. വോളിഫെസ്റ്റിന്റെ ഭാഗമായി സ്വരൂപിച്ച ഫണ്ട് പിഎംഇയു പ്രസിഡന്റ് കെ.പത്മനാഭന് ദയ പ്രസിഡന്റ് എ.വി.രവീന്ദ്രന് കൈമാറും.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പ്രഭാവതി, എ.രാജേഷ്, എംഡി കെ.രവി, പ്രിന്‍സിപ്പാള്‍ കെ.സുധാകരന്, ഡോ.എം.കെ.ബാലചന്ദ്രന്, ഡോ.എസ്.എം.അഷറഫ്, ടി.വി.സുധാകരന്, പി.വി.ബാലകൃഷ്ണന്, സീബ ബാലന്, സി.കെ.രാഘവന്, കെ.അശോകരന്, കെ.ശില്പ, കെ.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. കെ.പത്മനാഭന്, സീബ ബാലന്, പി.പി.രാജന്, എ.വി.രവീന്ദ്രന്, ടിവി.പത്മനാഭന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.