കോട്ടയം: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഓണസംഗമം വൈവിധ്യമായി. വീല്‍ചെയറിലും മുച്ചക്രസ്കൂട്ടറിലുമായി മുന്നൂറോളം പേരെത്തി. ഇവരെ അനുഗമിച്ച കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കുചേര്‍ന്നു.
വീല്‍ചെയറുകളിലും മുച്ചക്ര സ്കൂട്ടറുകളിലുമിരുന്ന് അവര്‍ ഓണപ്പാട്ടുകള്‍ പാടി, ആശംസകള്‍ നേര്‍ന്നു. ഇവരിലേറെപ്പേരും വാഹനത്തിലിരുന്നുതന്നെയാണ് ഓണസദ്യ കഴിച്ചത്. ബന്ധുക്കളും ദയ വോളണ്ടിയേഴ്സും ഇവര്‍ക്കു വിഭവങ്ങള്‍ വിളമ്പിനല്കി. ലോട്ടറി വ്യാപാരം, മാടക്കട, കുടനിര്‍മാണം, കരകൗശല വസ്തുനിര്‍മാണം തുടങ്ങി വിവിധ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നവരാണ് ഇവരേറെയും.
ഇതിനും സാഹചര്യമില്ലാതെ കിടക്കയില്‍ വിശ്രമിക്കുകയും വീല്‍ചെയറില്‍ ഉറ്റവര്‍ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവരുമുണ്ട്. ഓണത്തിനു മാത്രമല്ല ക്രിസ്മസ്, വിഷു തുടങ്ങി വിവിധ ആഘോഷങ്ങളിലും വെല്ലുവിളികളെ മറന്ന് ഇവര്‍ ഒത്തുകൂടി വേദനകളും പരിമിതികളും മറന്ന് സന്തോഷം പങ്കുവയ്ക്കും.
വിവിധ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഇവര്‍ക്കു വേണ്ട മരുന്നും വസ്ത്രവും ഭക്ഷ്യസാധനങ്ങളും സ്പോണ്സര് ചെയ്യാറുണ്ട്.ദയയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധസേവകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണവും വൈദ്യപരിശോധനയും നടത്തും.
കൈകാലുകളുടെ വൈകല്യം മൂലം ഒരാള്‍പോലും ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും കഴിയരുതെന്ന ലക്ഷ്യത്തിലാണ് ദയ പാലിയേറ്റീവ് സൊസൈറ്റി സ്ഥാപിതമായത്. ഇന്നലെ ഓണാഘോഷപരിപാടികള്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ.പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.