ചിറ്റൂർ: ബാങ്കിൽ നിന്നുള്ള ജപ്തിഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കൾക്കും ഇനി മനസമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വർഷമായി വീൽചെയറിൽ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാൻ സോഷ്യൽ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തുവരികയായിരുന്നു.
ബാങ്കിലെ കുടിശിക മുഴുവൻ തീർത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂർ എംഎൽഎ കെ.കൃഷ്ണകുട്ടി അഭിലാഷിനു കൈമാറി. അത്തിക്കോട് ശിശുവിഹാർ കമ്യൂണിറ്റിഹാളിൽ ചേർന്ന ചടങ്ങിൽ പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പൗരപ്രമുഖരും ദയാകുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ട
തെങ്ങിൽനിന്ന് വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിടപ്പു രോഗിയായതാണ് അഭിലാഷ്. കിടപ്പാടം പണയംവച്ചും കടംവാങ്ങിയും ചികിത്സകൾ ഒരുപാട് നടത്തിയെങ്കിലും അരയ്ക്കുകീഴെ തളർന്നുപോയ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. നിത്യരോഗിയായ അമ്മയോടൊപ്പം ഒരുഭാഗം തളർന്ന് അച്ഛനും കിടപ്പിലായപ്പോൾ, തളർച്ചയിൽനിന്ന് ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ അഭിലാഷിനായില്ല.
ബാങ്ക് വായ്പ തരപ്പെടുത്തി ബൈക്കിന്റെ ടാങ്ക് കവർ തുന്നുന്ന മെഷീൻ വാങ്ങി കൈകളുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിൽ അതിനെ രൂപാന്തരപ്പെടുത്തി തന്റെ തളരാത്ത പാതിശരീരവും ഇച്ഛാശക്തിയുമുപയോഗിച്ച് അഭിലാഷ് കഠിനാദ്ധ്വാനം തുടങ്ങി. പാലക്കാടുനിന്നും പരിചയപ്പെട്ട ഒരു നല്ല മനുഷ്യൻ അടിക്കാനുള്ള സാധനസാമഗ്രികൾ വീട്ടിലെത്തിച്ചുകൊടുക്കുകയും തുന്നിക്കഴിഞ്ഞവ എടുത്തുകൊണ്ടുപോവുകയും ചെയ്തു.
കഠിമായ വേദനക്കിടയിലും ദിവസേന 300 രൂപയോളം അത്യധ്വാനം ചെയ്ത് സന്പാദിച്ചു തുടങ്ങിയെങ്കിലും ഇപ്പോൾ പണിയെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വേദനാസംഹാരികളുടെ സഹായത്താൽ സ്റ്റിച്ചിംഗ് തുടർന്നുകൊണ്ടിരിക്കുന്നു.
ഇതിനിടെ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നല്കിയസാഹചര്യത്തിലാണ് പെരിങ്ങോട്ടുകുറുശി ആസ്ഥാനമായുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് സഹായ ഹസ്തം നീട്ടിയത്. വാർഡ് മെംബർ അബ്ബാസ്, പുതുനഗരം സ്പെഷൽ ബ്രാഞ്ച് എസ്ഐ എം.ഹംസ, അജിത്ത് നാരങ്ങാലിൽ, മുരുകേശൻ മാസ്റ്റർ, ശങ്കർജി കോങ്ങാട്, ബൈജു, മിനി ടീച്ചർ, സമദ് കല്ലടിക്കോട്, ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ദീപ ജയപ്രകാശ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.