ചിറ്റൂർ: സമകാലിക വിഷയ ചിന്തകൾക്കിടയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉൗർജം പകർന്ന് എൻഡോസൾഫാൻ സമരനായിക ദയാബായ്. കോളേജ് മാഗസിൻ ബോർഡ് കോളേജ് യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദയാബായ് സംസാരിക്കുന്നുവെന്ന പരിപാടിയിലാണ് ആയിരത്തോളം വിദ്യാർഥികളുമായി ഒറ്റയാൾ സമരനായിക ദയാബായ് സംവദിച്ചത്.
കുട്ടിക്കാലംമുതൽ താൻ അനുഭവിച്ച സഹനങ്ങളും സാമൂഹിക സമരങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളും പങ്കുവച്ചപ്പോൾ അത് വിദ്യാർത്ഥികളിൽ ആവേശം നിറച്ചു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ദയാബായ് ഉത്തരം നല്കി. ദയാബായുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ഉന്നമനസന്ദേശം ഉയർത്തിപ്പിടിച്ചു ജനുവരിയിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്താൻ പോകുന്ന ബോധവത്കരണ വാഹന റാലിക്ക് വിദ്യാർഥികൾ ഐക്യദാർഢ്യം അറിയിച്ചു.
കോളേജ് മാഗസിന്റെ ഇത്തവണത്തെ പ്രമേയമായ പ്രതീക്ഷ, പ്രത്യാശ പ്രോത്സാഹനാജനകമാണെന്നും ന·യിലൂന്നി ജീവിക്കാനുള്ള പ്രതീക്ഷ നല്കാൻ മാഗസിൻ സൃഷ്ടികൾക്ക് കഴിയട്ടെയെന്നും ദയാബായ് പറഞ്ഞു. പരിപാടിയോടനുനുബന്ധിച്ചു ദയാബായ് കോളേജ് പരിസരത്ത് വൃക്ഷതൈനട്ടു. കൂടാതെ ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞയും എടുത്തു.
പരിപാടിക്ക് കോളേജ് മാഗസിൻ സ്റ്റാഫ് എഡിറ്റർ കെ.പ്രദീഷ്, സ്റ്റുഡന്റ് എഡിറ്റർ ആർ. പ്രത്യുഷ്, സബ് എഡിറ്റർ എം. ജെസ്ന, കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് പാലക്കാട് ചാപ്റ്റർ. പ്രസിഡന്റ് കെ.സതീഷ്, യൂണിയൻ ചെയർമാൻ എം.ബി.ഷാബിർ, വിദ്യാർഥികളായ സി.ഫാത്തിമ സഫ്ന, എം.അഖിൽ, കെ.ഗൗതം പ്രസാദ്, കെ.മണികണ്ഠൻ, ആർ.ദിവ്യ, കെ. വി.ശില്പ എന്നിവർ നേതൃത്വം നല്കി.