കോട്ടയം: സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനു കോട്ടയം ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കൽ കോളജ്, ജനറൽ അശുപത്രി എന്നിവിടങ്ങളിലും ഡയാലിസിസ് സൗകര്യമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കും.
സ്വകാര്യ ആശുപത്രികൾ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്ന ഡയാലിസിസ് കിറ്റ് ഉപയോഗിച്ച് 950 രൂപ നിരക്കിലാണു രോഗികൾക്ക് സൗക ര്യം നൽകേണ്ടത്. ആവശ്യമുള്ള രോഗികൾ ഡയാലിസിസിനു വിധേയരാകുന്ന ആശുപത്രികൾ മുഖേന അപേക്ഷ നൽകണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധമായി തീരുമാനമെടുത്തത്.
യോഗത്തിൽ വൈസ്പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിനു സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു വിളിച്ചു ചേർത്തു.
അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, ഡിഎംഒ ഡോ. ജേക്കബ് വർഗീസ്, എൻആർഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം തലവൻ ഡോ. ജയകുമാർ, ജനറൽ ആശുപത്രി ആർഎംഒ ഡോ. ഭാഗ്യശ്രീ എന്നിവരും സ്വകാര്യ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു.