കോഴിക്കോട്: ചെരുപ്പുകുത്തിയായിട്ടായിരുന്നു ലിസിയുടെ തുടക്കം. എടുക്കാത്ത ജോലികളില്ല, പെണ്സമൂഹം പിൻവാങ്ങിയമേഖലകളിൽ കഴിവുതെളിയിച്ച് വെന്നിക്കൊടി പാറിക്കുന്പോഴും ആതുരസേവനരംഗത്ത് പുതിയ വഴിതേടുകയാണിവർ. പേരാന്പ്രയിൽ കഴിഞ്ഞ 25 കൊല്ലമായി ചെരുപ്പുകുത്തിയായാണ് ലിസി ജീവിക്കുന്നത്.
രാജസ്ഥാനിൽ നിന്നുമെത്തിയ ശിവാനി പട്ടേൽ പേരാന്പ്രക്കാരുടെ ഡയാന ലിസിയായി മാറിയതിന് പിന്നിൽ സിനിമാകഥകളെപ്പോലും വെല്ലുന്ന ജീവിതാനുഭവങ്ങളുണ്ട്. സ്ത്രീകൾ ചെയ്യാൻ മടിക്കുന്ന തൊഴിൽ കഴുകൻ കണ്ണുകൾ സംശത്തോടെമാത്രംനോക്കുന്ന തെരുവിൽ താമസിച്ചു കൊണ്ട് ചെയ്യുന്നു എന്നതിനു പുറമേ അതുവഴി കിട്ടുന്ന തുക നിരവധിപേരുടെ ജീവിതമാർഗമായിക്കഴിഞ്ഞു.
ചെരുപ്പ്, ബാഗ്, കുട എന്നിവ നന്നാക്കിയും, വീട്ടുപണി ചെയ്തും, പത്രവിതരണം നടത്തിയും ലഭിക്കുന്ന തുക കൊണ്ട് ലിസി പേരാന്പ്ര വെൽഫെയർ സ്കൂളിലെ 32 കുട്ടികളെ സ്പോണ്സർ ചെയ്ത് പഠിപ്പിക്കുന്നു. ദയ പാലിയേറ്റീവ് കെയറിലെ സ്ഥിരം അംഗമാണ്. കാൻസർ രോഗികളെയും കിടപ്പിലായ രോഗികളെയും പരിചരിക്കുകയും ചികിത്സിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പള്ളിയിലും അന്പലങ്ങളിലും സംഭാവനകൾ നൽകാറില്ല.ഒറ്റപ്പെട്ട സമയത്ത് തന്റെയടുക്കൽ പല രൂപങ്ങളിൽ ദൈവം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.സമൂഹത്തിൽ ഒറ്റപ്പെടുന്നവരോട് കാണിക്കുന്ന നന്മയാണ് ദൈവത്തിനുള്ള ഏറ്റവും വിലപ്പെട്ട കാണിക്കയെന്നാണ് ലിസി വിശ്വസിക്കുന്നത്.
ബന്ധുക്കൾ ശത്രുക്കൾ
രാജസ്ഥാനിലെ പട്ടേൽ കുടുംബത്തിൽ സൗഭാഗ്യങ്ങളുടെ നടുവിലായിരുന്നു ലിസിയുടെ ജനനം, അത് തന്നെയായിരുന്നു ശാപവും. സന്പത്തിനായി അമ്മയെ കൊലപ്പെടുത്തിയ ബന്ധുക്കൾ ലിസിയെ അപകടപ്പെടുത്താൻ കഴുത്തിൽ ആസിഡൊഴിച്ചു. പകുതിവെന്ത കഴുത്തുമായി അഭയം തേടി ലിസിയും അച്ഛനും വന്നിറങ്ങിയത് കൊയിലാണ്ടിയിലാണ്. 14 കാരിയായ ലിസി ഭിക്ഷ യാചിച്ചും കാർഡ്ബോർഡ് പെറുക്കിവിറ്റുമാണ് മദ്യപാനിയായ അച്ഛനോടൊപ്പം ജീവിച്ചത്. പിന്നീട് ദൈവത്തിന്റെ രൂപത്തിലെത്തിയ ഒരു ലോഡ്ജ് ഉടമ ലിസിയെ മകളെപ്പോലെ ഏറ്റെടുത്തു.
അയാൾ ലിസിക്ക് നൽകിയ പേര്് മുംതാസ് മുഹമ്മദ് എന്നായിരുന്നു. അയാൾ മരണപ്പെടുകയും അച്ഛൻ ഒരു തമിഴ്നാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ലിസി അനാഥയായി. പിന്നീട് വഴിയിൽവച്ച് പരിചയപ്പെട്ട ചേച്ചിയോടൊപ്പം കുറ്റ്യാടിയിലെത്തി ശുചീകരണ ജോലി ചെയ്തു. ശരീരത്തിന് നേരെയുള്ള ആണുങ്ങളുടെ തുളഞ്ഞുനോട്ടവും സ്നേഹാന്വേഷണങ്ങളും സഹിക്കവയ്യാതെ ആയപ്പോൾ അവിടെ നിന്നും സ്ഥലം വിട്ടു.
പിന്നീട് പേരാന്പ്രയിൽ എത്തിയ ലിസിയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത് അവിടെ വേശ്യാവൃത്തിയിൽ ഏർപെട്ടിരുന്ന സ്ത്രീകളാണ്. ഒരിക്കലും രാത്രിയിൽ തങ്ങളോട് കൂട്ടുകൂടാനവർ ലിസിയെ അനുവധിച്ചില്ല. അവരെ നേർവഴിക്ക് നയിച്ചുകൊണ്ടാണ് ലിസി ആദ്യമായി സാമൂഹ്യസേവനരംഗത്തേക്ക് കടന്നുവരുന്നത്. ലിസിയുടെ പരിശ്രമത്തിൽ അവരിൽ നാലഞ്ചുപേർ ഇന്ന് കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. തെരുവിലെ ജീവിതം മോശമായ അനുഭവങ്ങൾ പലതും സമ്മാനിച്ചിട്ടുണ്ട്.
പേടിക്കാതെ കിടക്കാൻ ആൺകുട്ടിയുടെ വേഷം
ശരീരം സംരക്ഷിക്കാൻ വർഷങ്ങളോളം ചെരുപ്പ് തുന്നുന്ന സൂചി മാറിൽ വച്ചുറങ്ങിയിട്ടുണ്ട് .തെരുവിൽ കിടന്നുറങ്ങാൻ ആണ്കുട്ടിയായി വേഷം മാറിയിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ശക്തി തനിക്ക് തന്നത് തെരുവ് ജീവിതമാണെന്നാണ് ലിസി കരുതുന്നു. ഉറങ്ങാനിടവും സംരക്ഷണവും തന്ന പേരാന്പ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ചെരുപ്പുതുന്നാൻ പീടിക വരാന്ത വിട്ടുതന്ന കടക്കാർ, ഓട്ടോ, ടാക്സി ചേട്ടൻമാർ ഇങ്ങനെ സഹായഹസ്തവുമായി കേരളത്തിലെ ജനങ്ങൾ എപ്പോഴും കൂടെയുണ്ടായിരുന്നുവെന്ന്് ലിസി പറയുന്നു. ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന തോന്നലിപ്പോൾ ഉണ്ടെങ്കിലും മുൻവിവാഹം നൽകിയ ഭയപ്പെടുത്തുന്ന ഓർമകൾ മനസിൽ നിന്നും മാഞ്ഞിട്ടില്ല. തന്റെ ജീവിതവും സാമൂഹികപ്രവർത്തനങ്ങളും ഉൾക്കൊണ്ട് വരുന്ന ഒരാളെ ലിസി തന്റെ യാത്രയിൽ കൂടെകൂട്ടാൻ ആഗ്രഹിക്കുന്നുണ്ട്.
പേരാന്പ്രക്കാരുടെ സ്വന്തക്കാരി
ഉണ്ണിക്കുന്നൻ ചാലിൽ മുറി വാടകക്കെടുത്താണ് ഇപ്പോൾ ലിസിയുടെ താമസം. ആത്മധൈര്യം കൊണ്ടും ആർദ്രതയുള്ള മനസ് കൊണ്ടും പേരാന്പ്രക്കാരുടെ സ്വന്തമായി 39 കാരിയായ ഡയാന ലിസി മാറി. ഉദ്ഘാടനം, സമ്മാനദാനം തുടങ്ങി പരിപാടികൾ അനവധിയാണ്. ബിഎഡ് കോളജിൽ പെണ്കരുത്തിനെ കുറിച്ച് ബോധവത്കരണ ക്ളാസ് എടുത്തതാണ് ലിസിയെ ജീവിതത്തിനിടയിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത്. വേദിയും പ്രസംഗവും നൃത്തവുമെല്ലാം ചെറുപ്പം തൊട്ടേയുള്ള മോഹങ്ങളാണ്.
വസ്ത്രത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന് ലിസിക്കു നിർബന്ധമുണ്ട്. ജീവിതത്തിൽ ദുരന്തങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ രാജസ്ഥാനിലെ ഏതെങ്കിലുമൊരു അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ തീരേണ്ടിയിരുന്ന ജീവിതമാണ് ഇന്ന് അതിജീവനത്തിന്റെ മറ്റൊരു മാതൃകയാകുന്നത്. കയ്പേറിയ അനുഭവങ്ങളിലൂടെയാണ് നടന്നുകയറിയതെങ്കിലും സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്ന് ലിസി ഉറച്ചു വിശ്വസിക്കുന്നു.
ഷിമരാജ്