കൊച്ചി: സ്ത്രീധനത്തെച്ചൊല്ലി യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി.
പള്ളിക്കരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പച്ചാളം സ്വദേശി ജിപ്സണ്‍(31), പിതാവ് പീറ്റര്‍ (58) എന്നിവരെ വ്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചതായി ചളിക്കവട്ടം സ്വദേശിനി ഡയാന കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. ജിപ്സണിന്റെ മാതാവ് ജൂലിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു
പരാതിയില്‍ നടപടിയുണ്ടായില്ലെന്ന ആരോപണവുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വനിതാ കമ്മീഷന് അംഗം ഷിജി ശിവജി യുവതിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വനിതാ കമ്മീഷന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷിക്കാനെത്തിയ പിതാവിന്റെ കാല് ഭര്‍തൃവീട്ടുകാര്‍ തല്ലിയൊടിച്ചെന്നും ചൂണ്ടിക്കാട്ടി ഡയാന കഴിഞ്ഞ 18 നാണ് ആദ്യം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.
ഡയാനയുടെ പിതാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുള്ളൂ. ഇതില്‍ ജിപ്സണെയും പീറ്ററിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സംഭവം വിവാദമായതോടെ 23ന് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.