സാധാരണ വന്പൻ ഹോട്ടലുകളിൽ മുറിയെടുക്കുന്പോൾ അടുത്ത മുറിയിൽ ആരാണ് താമസിക്കുന്നതെന്നതിനെക്കുറിച്ച് അധികം ആകുലപ്പെടാറില്ല. കാരണം അതു പലപ്പോഴും നമ്മളെ ബാധിക്കുന്ന കാര്യമല്ല.
എന്നാൽ, വടക്കുകിഴക്കൻ ചൈനീസ് പ്രവിശ്യയായ ഹീലോംഗ് ജിയാങ്ങിലെ ഹോട്ടലിൽ മുറിയെടുക്കുന്നവർ അവിടെ വരുന്നതു തന്നെ അടുത്ത മുറിയിലെ താമസക്കാരെ കാണാനാണ്.
അങ്ങനെയൊന്നും കാണാൻ കിട്ടാത്ത വിഐപികളാണ് തൊട്ടടുത്ത മുറിയിൽ താമസിക്കുന്നത്.
ഹോട്ടലിൽ വരുന്നവരെല്ലാം ഈ അതിഥികളെ ഒരു നോക്കു കണ്ടിട്ടേ മടങ്ങൂ. അയൽവാസികൾ വെറും ദരിദ്രവാസികളല്ല എന്നു മാത്രമല്ല കാണേണ്ടവർ തന്നെയാണ്.
അത്യപൂർവ കാഴ്ചയായി ധ്രുവക്കരടികളാണ് ഹാർബിൻ പോളാർ ലാൻഡിലെ ഈ ഹോട്ടലിൽ അതിഥികളെ കാത്തിരിക്കുന്നത്.
ഗ്ലാസ് മുറിയിൽ
ഗ്ലാസുകൾക്കൊണ്ട് തീർത്ത പ്രത്യേക മുറിയിലാണ് ധ്രുവക്കരടികൾ താമസിക്കുന്നത്. ഹോട്ടലിലെ ഏതു മുറിയിൽനിന്നു നോക്കിയാലും ധ്രുവക്കരടികൾ താമസിക്കുന്ന ചില്ലു മുറി കാണാം.
33 ഗ്ലാസുകൾ ഉപയോഗിച്ചാണ് ഈ മുറി തീർത്തിരിക്കുന്നത്. ഹോട്ടലിന്റെ ഏറ്റവും വലിയ ആകർഷണമായി മാറിയിരിക്കുകയാണ് ഈ ധ്രുവക്കരടികൾ.
പ്രത്യേക തണുപ്പു നിറഞ്ഞ അന്തരീക്ഷമാണ് ചില്ലുമുറിയിൽ ഒരുക്കിയിരിക്കുന്നത്. കരടികൾക്കായി ഐസ് വാട്ടറും റെഡി.
11 മില്യണ്‍ ഡോളർ നൽകിയാണ് ഹോട്ടൽ പുതിയ സംഭവം പരസ്യം ചെയ്തിരിക്കുന്നത്. അതേസമയം, മൃഗസ്നേഹികൾ രംഗത്തിറങ്ങിയതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.
ധ്രുവക്കരടികളെ ഇങ്ങനെ മുറിയിൽ പൂട്ടിയിട്ടു വളർത്തുന്നതു ക്രൂരതയാണെന്നാണ് ഇവരുടെ ആക്ഷേപം.
പുലിവാൽ
മൃഗങ്ങളെ ദുരിതത്തിൽപ്പെടുത്തി ലാഭവും സന്തോഷവും കൊയ്യുന്നതിൽനിന്നു പിന്മാറണമെന്നും പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒാഫ് ആനിമൽസ് പ്രവർത്തകർ ആവശ്യപ്പെടുന്നു.
ധ്രുവക്കരടികൾ ദിവസത്തിൽ 18 മണിക്കൂർ സജീവമായിരിക്കുന്നവരും മൈലുകളോളം അലഞ്ഞു നടക്കുന്നവയുമാണ്. അങ്ങനെയാണ് അവ ജീവിതം ആസ്വദിക്കുന്നത്.
മാത്രമല്ല, ഇവരുടെ ശാരീരിര പ്രത്യേകതകൾ ധ്രുവപ്രദേശത്തു ജീവിക്കാൻ പോരുന്നവയുമാണ്.
അവയെ ഗ്ലാസ് ബോക്സുകളിലോ റൂമുകളിലോ അക്വേറിയങ്ങളിലൊ ഒക്കെ വളർത്തുന്നതും പരിപാലിക്കുന്നതും അവയോടു ചെയ്യുന്ന ക്രൂരതയാണെന്നു സംഘടനയുടെ ഏഷ്യ റീജന്റെ വൈസ് പ്രസിഡന്റ് ജേസണ്‍ ബേക്കർ പറയുന്നു.
എല്ലാവരും കൂടി വിവാദമാക്കി സംഭവം പൂട്ടിക്കുമോയെന്ന ആശങ്കയിലാണ് സഞ്ചാരികൾ.