വാഷിംഗ്ടണ്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് അന്‍പത് ബില്യണ്‍ യുഎസ് ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഫെഡറൽ ഫണ്ട് ലഭ്യമാക്കുന്നതിനു സഹായകമായ സ്റ്റാഫോർഡ് ആക്ട് പ്രാബല്യത്തിൽ വരുത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ഏതാനും സംസ്ഥാനങ്ങൾ ഇതിനകം പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ന്യൂയോർക്ക് ഗവർണറും കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കൊറോണ മഹാമാരിയെ നേരിടാൻ യുഎസിനു പുറമേ മറ്റു രാജ്യങ്ങളും കടുത്ത നടപടികൾ എടുത്തുവരികയാണ്. കാനഡയിൽ പാർലമെന്റ് അഞ്ചാഴ്ചത്തേക്ക് അടച്ചു. പ്രധാനമന്ത്രി ട്രൂഡോ സ്വയം ക്വാറന്റൈനിൽ പോയി.
ജീവനക്കാർക്ക് മാർച്ച് 26വരെ അവധി നൽകാനും തീരുമാനിച്ചു.ഇതുവരെ 72 കൊറോണ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്.ഖത്തറിൽ 262 പേർക്കു രോഗം ബാധിച്ചു.
പരിശോധനകൾക്ക് വിധേയനാകാതെ ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ ബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലാത്തതിനാലാണ് പരിശോധനകൾക്ക് വിധേയനാകാത്തതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അടുത്ത ആറാഴ്ചകൾ അമേരിക്കയ്ക്ക് വളരെ നിർണായകമാണെന്നും ട്രംപ് പറഞ്ഞു.
വരും ദിവസങ്ങളിൽ അമേരിക്കൻ ജനത ചില മാറ്റങ്ങൾക്ക് വിധേയരാകേണ്ടി വരുമെന്നും ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നും പറഞ്ഞ ട്രംപ് ഇത്തരം ചെറിയ ബുദ്ധിമുട്ടുകൾ ഭാവിയിൽ നേട്ടങ്ങളാകുമെന്നും കൂട്ടിച്ചേർത്തു.
അടുത്ത എട്ടാഴ്ചകൾ രാജ്യത്തിന് ഏറെ നിർണായകമാണെന്നും വ്യക്തമാക്കിയാണ് ട്രംപ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. രാജ്യത്ത് ഇതുവരെ 1,701 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 40 പേർക്കാണ് ജീവൻ നഷ്ടമായത്.