ജോമി കുര്യാക്കോസ്
കോട്ടയം: മുതിർന്ന ജില്ലാ കോണ്‍ഗ്രസ് നേതാവിനെതിരേ കോട്ടയം ഡിസിസിയുടെ സാന്പത്തിക അന്വേഷണം. കോണ്‍ഗ്രസിന്റെ പ്രവർത്തനഫണ്ട് സംബന്ധിച്ചു വ്യക്തത തേടിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പ്രഫ. പി.ജെ. വർക്കി, കോട്ടയം നഗരസഭ മുൻ അധ്യക്ഷൻ എം.പി. സന്തോഷ്കുമാർ, സിബി ചേനപ്പാടി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. ഡിസിസിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പു മറികടന്നാണു കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ടിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നേതാവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഡിസിസിയുടെ തീരുമാനം. ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ചുമതലയേറ്റപ്പോൾ മുതൽ മുതിർന്ന നേതാവിനെതിരേ സാന്പത്തിക ആരോപണം ഉയർന്നിരുന്നു. കോണ്‍ഗ്രസ് പ്രവർത്തനഫണ്ടിൽനിന്നും ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം.
എന്നാൽ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിർപ്പിനെത്തുടർന്നു വിഷയം അന്വേഷിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ നേതൃത്വം വന്നതിനുശേഷവും മുൻകാലങ്ങളിലെ കണക്ക് നൽകിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം പിന്നീട് ഡിസിസി യോഗത്തിൽ തിരുത്തിയിരുന്നു. സാന്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രവർത്തനഫണ്ട് വിനിയോഗിച്ചതിനെപ്പറ്റി വ്യക്തതവരുത്താനുള്ള അന്വേഷണം മാത്രമാണു നടക്കുന്നതെന്നുമാണു കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
തങ്ങളുടെ ഗ്രൂപ്പിലുള്ള നേതാവല്ലെങ്കിലും ആരോപണ വിധേയനായ നേതാവിനെതിരേ മറുവിഭാഗം നേതാക്കൾ അനുകൂലമായി രംഗത്തുവന്നിരുന്നു. ഈ നേതാക്കൾ പങ്കെടുക്കാതിരുന്ന യോഗത്തിലാണ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വം പൂർണമായി ഇതിനെ അനുകൂലിക്കാത്തതിനാൽ കമ്മീഷന്റെ പ്രവർത്തനം എങ്ങനെയാകുമെന്ന് നേതൃത്വത്തിനുതന്നെ വ്യക്തമല്ല.
അതേസമയം ഡിസിസി നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ ഒരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പാന്പാടിയിൽ വരെ കോണ്‍ഗ്രസ് സ്ഥാനാർഥി ദയനീയമായി പരാജയപ്പെട്ടു. എൽഡിഎഫിന് വിമത സ്ഥാനാർഥി ഉണ്ടായിട്ടുപോലും ദയനീയ പരാജയം ഏറ്റുവാങ്ങിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് ഒരുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടി ഇവിടെ മൂന്നു കുടുംബയോഗങ്ങളിൽ പങ്കെടുത്തിരുന്നു. നേതൃത്വത്തിന്റെ അനാസ്ഥ മാറിയില്ലെങ്കിൽ ഉടൻതന്നെ പാന്പാടിയിൽ നടക്കുന്ന മറ്റൊരു ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കു കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.
ഈ വിഷയം ഉന്നയിച്ചു കെപിസിസി പ്രസിഡന്റിനു ചില നേതാക്കൾ പരാതിയും നൽകിയിട്ടുണ്ട്. ഇന്ദിരാ കുടുംബസംഗമങ്ങളിൽ വേണ്ടത്ര ജനപങ്കാളിത്തം ഉറപ്പാക്കാൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നും പരാതിയുണ്ട്. അന്വേഷണത്തെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ കോണ്‍ഗ്രസ് നേതാക്കൾ തയാറായില്ല. മുതിർന്ന നേതാക്കളെ അവഹേളിക്കാനുള്ള ശ്രമങ്ങൾ മാത്രമാണു ഇപ്പോൾ നടക്കുന്നതെന്നും ആരോപണമുണ്ട്.