കണ്ണൂർ: കണ്ണൂരിലെ മൂന്നിടങ്ങളിൽ ഡിസിസി നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റണമെന്ന കെപിസിസിയുടെ നിർദേശം ഡിസിസി അംഗീകരിച്ചില്ല.
ഇവിടങ്ങളിൽ കൈപ്പത്തി ചിഹ്നത്തിൽ ഡിസിസിയുടെ സ്ഥാനാർഥികൾ മത്സരിക്കുന്പോൾ സ്വതന്ത്ര ചിഹ്നത്തിൽ കെപിസിസിയുടെ സ്ഥാനാർഥികൾ മത്സരിക്കും.
ഡിസിസിക്കെതിരേ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും സംസ്ഥാന നേതൃത്വത്തിനും അഖിലേന്ത്യാ നേതൃത്വത്തിനും പരാതി നല്കി.
കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കെപിസിസി ഇടപെട്ട് മൂന്നു സ്ഥാനാർഥികളെ പിൻവലിപ്പിക്കണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടിരുന്നു.
ഇരിക്കൂർ ബ്ലോക്ക് നുച്യാട് ഡിവിഷനിൽ രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാരാണ് ഏറ്റുമുട്ടുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് വട്ടോളി കെപിസിസിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്പോൾ മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനിക്കൽ ഡിസിസി സ്ഥാനാർഥിയായി കൈപ്പത്തിൽ ചിഹ്നത്തിൽ മത്സരിക്കും.
പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽ പി.പി. അഷ്റഫ് കെപിസിസിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്പോൾ ഡിസിസിയുടെ സ്ഥാനാർഥിയായി പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ ജോയി പുന്നശേരിമലയിലാണ് മത്സരിക്കുന്നത്.
തലശേരി നഗരസഭയിലെ തിരുവങ്ങാട് വാർഡിൽ യൂത്ത് കോൺഗ്രസ് തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കെപിസിസി സ്ഥാനാർഥിയായി മത്സരിക്കുന്പോൾ ഡിസിസി സ്ഥാനാർഥിയായി ജിതേഷ് മത്സരിക്കും.
ഇതോടോ കണ്ണൂരിൽ മൂന്നിടങ്ങളിൽ കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടും. അതേ സമയം കെപിസിസി നിർദേശം പാലിക്കാത്തവർക്കതിരേയും ഡിസിസിക്കെതിരേയും നടപടിയെടുക്കാനാണ് കെപിസിസിയുടെ നീക്കം.