കളമശേരി: എഐസിസിയുടെ അവകാശവാദത്തെ കാറ്റില്‍പ്പറത്തി ഡിസിസി പ്രസിഡന്റ് വിപുലമായ ഗ്രൂപ്പ് യോഗങ്ങള്‍ രഹസ്യമായി വിളിയ്ക്കു ന്നെന്നു പരാതി. കളമശേരി നിയോജമണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കടുങ്ങല്ലൂരില്‍ നടന്ന നേതൃയോഗത്തില്‍ പങ്കെടുക്കാനായി എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് കളമശേരിയില്‍ എത്തിയിരുന്നു. എന്നാല്‍ പ്രഭാത ഭക്ഷണം കഴിക്കാനെന്ന പേരില്‍ മുന്‍ നഗരസഭ ചെയര്‍മാന്റെ വസതിയിലെത്തിയെന്നും അവിടെ ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം വിളിച്ചുമെന്നും സ്വീകരണ യോഗം സംഘടിപ്പിച്ചുവെന്നുമാണ് വിമര്‍ശനം.
സസ്പെന്‍ഷനിലായ നേതാവ് പൊന്നാടയണിയിച്ചു ഡിസി സി പ്രസിഡന്റിനെ സ്വീകരിച്ചതിന്റെ ചിത്രങ്ങളും പുറത്തായിട്ടുണ്ട്. ചിത്രങ്ങള്‍ പങ്കെടുത്തവര്‍ തന്നെ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. മുന്‍ നഗരസഭ ചെയര്മാന് ജമാല്‍ മണക്കാടന്റെ വീട്ടിലെത്തിയ ടി.ജെ. വിനോദിനെ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട് സസ്പെന്‍ഷനിലായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജഹാന് കടപ്പള്ളി, ജമാല്‍ മണക്കാടന്റെ ഭാര്യയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ റുഖിയ ജമാല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വീമോള്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇവരെ കൂടാതെ ആറോളം ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും, റിബലായി ജയിച്ച കൗണ്‍സിലര്‍മാരും, പുതിയതായി തെരഞ്ഞെടുക്കപെട്ട കര്‍ഷക കോണ്‍ഗ്രസ്,ന്യൂനപക്ഷ കോണ്‍ഗ്രസ് ഭാരവാഹികളും പങ്കെടുത്തു. അതിനു ശേഷമാണ് എല്ലാവരും ചേര്‍ന്ന് യോഗസ്ഥലമായ കടുങ്ങല്ലൂരിലേക്ക് പോയത്. വീട്ടിലൊരുക്കിയ സ്വീകരണത്തിനും രഹസ്യമായി യോഗം കൂടിയ ശേഷം നിയോജമണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ ജമാല്‍ മണക്കാടനും ഐ ഗ്രൂപ്പ് നേതാക്കളോടൊപ്പം ഡി സി സി പ്രസിഡന്റ് യാത്രയായതും വിവാദമായിട്ടുണ്ട്. നഗരസഭാ ഭരണം എ ഗ്രൂപ്പിന് കൊടുക്കേണ്ടി വന്നതില്‍ ഐ ഗ്രൂപ്പ് കടുത്ത നിരാശയാണ്.
നഗരസഭാ ചെയര്‍പേഴ്സനെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ കെപിസിസി നിര്‍ദ്ദേശത്തിനെതിരെ ഐ ഗ്രൂപ്പു തുറന്ന പോരിനു ഇറങ്ങിയത് അന്നത്തെ ഡി സിസി പ്രസിഡന്റ് വി.ജെ. പൗലോസ് ഇടപ്പെട്ടാണ് പരിഹരിച്ചത്. ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയത് രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരുന്നു. എഐസിസി കേരളത്തിലെ 14 ജില്ലകളിലും പുതിയ ഡി സി സി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത് കഴിവ് നോക്കിയാണ് തിരഞ്ഞെടുത്തതെന്നും ഗ്രൂപ്പ് നോക്കിയല്ലന്നുമാണ് എ ഐ സി സി വിശദീകരണം നലകിയത്. അതിന് കടകവിരുദ്ധമായി പുതിയ ഡി സി സി പ്രസിഡന്റ് നീക്കങ്ങള്‍ നടത്തുന്നതായി പരാതിപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം നേതാക്കന്മാരാണ് എ ഐ സി സി യെ സമീപിക്കുന്നത്.