കോട്ടയം: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഡിസിസിയിലും പുനഃസംഘടന സാധ്യമാകുന്നതോടെ ജില്ല കോണ്ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തെത്താൻ ഒരു ഡസനിലേറെ നേതാക്കൾ രംഗത്ത്.എ, ഐ ഗ്രൂപ്പുകൾക്കു പുറമെ സ്വയംപ്രഖ്യാപിത ഗ്രൂപ്പ് പ്രവർത്തകരും രംഗത്തുണ്ട്.
ഇതിന് ഇവർ സുധാകരൻ ഗ്രൂപ്പ് എന്ന നാമകരണവും നൽകി. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ തന്റെ പേരിൽ ഗ്രൂപ്പ് ആരംഭിക്കരുതെന്നു വ്യക്തമായ നിർദേശം നൽകിയെങ്കിലും ഗ്രൂപ്പ് പ്രവർത്തനവുമായി ഒരുവിഭാഗം രംഗത്തുണ്ട്.
എ ഗ്രൂപ്പിനോട് അഭിമുഖ്യം പുലർത്തുന്ന ഫിൽസണ് മാത്യൂസ്, യൂജിൻ തോമസ്, കുഞ്ഞ് ഇല്ലംപള്ളി, ജോമോൻ ഐക്കര, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, ജോബി അഗസ്റ്റിൻ അടുത്തനാളിൽ ഗ്രൂപ്പിൽ സജീവമായ സിബി ചേനപ്പാടി, തോമസ് കൊണ്ടോടി ഐ ഗ്രൂപ്പുകാരായ ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, ബിജു പുന്നന്താനം, ജി. ഗോപകുമാർ എന്നിവർ പ്രസിഡന്റു സ്ഥാനം മോഹിച്ചു രംഗത്തുണ്ട്.
പുതിയ ഗ്രൂപ്പ് സംവിധാനവുമായി രാജീവ് മേച്ചേരി, ടി.എസ്. രഘുറാം എന്നിവരും പ്രസിഡന്റുസ്ഥാനം ലക്ഷ്യമിട്ടു പ്രവർത്തനം സജീവമാക്കി. ഐഎൻടിയുസി പ്രസിഡന്റ് എന്ന നിലയിലുള്ള മികച്ച സംഘടന പ്രവർത്തനവും സാമുദായിക പരിഗണനയും ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ള ഒരാൾ ഡിസിസി പ്രസിഡന്റാകണമെന്ന ആവശ്യവും ഫിലിപ്പ് ജോസഫിനു സാധ്യത കൂട്ടുന്നു.
പ്രസിഡന്റിന്റെ പേരിലെ ഗ്രൂപ്പ്
എഐസിസി തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഡിസിസി പ്രസിഡന്റ് കാലത്തെ പ്രവർത്തനം ടോമി കല്ലാനിക്ക് ഒരു ടേം കൂടി നൽകാൻ അവസരം ഒരുക്കിയേക്കും. ഇതിനിടെ എ, ഐ ഗ്രൂപ്പുകളെ വെട്ടി ജില്ലയിലെ ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ പുതിയ കെപിസിസി പ്രസിഡന്റിന്റെ പേരിൽ രൂപപ്പെട്ട ഗ്രൂപ്പും സജീവമായി കളത്തിലുണ്ട്.
പൊതുതെരഞ്ഞെടുപ്പുകളിൽ തോറ്റവരെയും 60 വയസിൽ മുകളിൽ പ്രായമുള്ളവരെയും പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിച്ചേക്കില്ല. ഇതുസംബന്ധിച്ച സൂചനകളാണു സുധാകരൻ നൽകുന്നത്.
ഉമ്മൻചാണ്ടിയുടെ അഭിപ്രായം
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോട്ടയത്തുനിന്നുള്ള ഏതാനും നേതാക്കളുമായി നടത്തിയ ചർച്ചയിലും ഇതുസംബന്ധിച്ച സൂചനകൾ നൽകി.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ മുൻമന്ത്രി കെ.സി. ജോസഫും പ്രസിഡന്റുസ്ഥാനത്തിനായി ചരടുവലി നടത്തുന്നുണ്ട്. ഇദേഹത്തെ പരിഗണിച്ചാൽ ഉമ്മൻ ചാണ്ടിയുടെ പൂർണ പിന്തുണയുമുണ്ട്.
കോട്ടയത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തിന് ഹൈക്കമാൻഡ് മുഖ്യപരിഗണന നൽകും. ഉമ്മൻ ചാണ്ടിയ്ക്ക് സ്വീകാര്യനായ ആൾ മാത്രമേ കോട്ടയത്തു പ്രസിഡന്റാകുവെന്നുറപ്പാണ്. ജോബി അഗസ്റ്റിനായി യൂത്ത് കോണ്ഗ്രസും രംഗത്തെത്തിയിരുന്നു.
ചാണ്ടി ഉമ്മന്റെ പിന്തുണ ജോബി അഗസ്റ്റിനുണ്ടെന്നാണു ഒരുവിഭാഗം പറയുന്നത്. ഇന്ദിരാ ഭവനിൽ സ്ഥാനമേറ്റതിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി കെ. സുധാകരൻ ചർച്ച നടത്തിയിരുന്നു.
ഗ്രൂപ്പ് വീതം വയ്പ് നടക്കില്ല
മുൻവർഷങ്ങളിൽ ഗ്രൂപ്പുകൾ വീതംവച്ച് ഐക്യകണ്ഠേന നൽകുന്ന പേര് പരിഗണിക്കുന്ന പതിവ് രീതി ഇത്തവണ നടക്കില്ല.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകുന്ന പേരുകൾ പരിഗണിക്കുമെങ്കിലും ഉചിതമാണോയെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നൽകുന്ന ലിസ്റ്റും ഹൈക്കമാൻഡ് പരിഗണനയ്ക്കെടുക്കും. ഇവർ നൽകുന്ന ലിസ്റ്റിൽനിന്നും ഹൈക്കമാൻഡിനു മുന്നിലെത്തുന്ന മറ്റുപേരുകളും സൂക്ഷ്മമായി പരിശോധിച്ചശേഷം ഏറ്റവും കഴിവുള്ളവരെ ജില്ലാ പ്രസിഡന്റാക്കാനേ സാധ്യതയുള്ളു.