കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടനുണ്ടാകും. കോട്ടയത്ത് ജോഷി ഫിലിപ്പിനു പകരം നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റാകുമെന്ന് ഉറപ്പായി.
നിലവിൽ കെപിസിസി സെക്രട്ടറിയാണ് നാട്ടകം സുരേഷ്. എ ഗ്രൂപ്പിന്റെ കൈയിലുള്ള സ്ഥാനം ഗ്രൂപ്പിനതീതമായി മറ്റൊരാൾക്കു നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് ഹൈക്കമാൻഡിനു നൽകിയ ലിസ്റ്റിൽ നാട്ടകം സുരേഷിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിക്ക് അതൃപ്തി
സ്വന്തം ജില്ലയിലെ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതിയെ തുടർന്ന് നാട്ടകം സുരേഷിന്റെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മതം മൂളിയിട്ടില്ല.
കെ.സി.ജോസഫ്, ഫിൽസണ്‍ മാത്യൂസ്, യൂജിൻ ജോസഫ്, ജോമോൻ ഐക്കര എന്നിവരുടെ പേരുകളായിരുന്നു എ ഗ്രൂപ്പ് നിർദേശിച്ചത്.
എന്നാൽ എ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കി പുതിയ ഒരാളെ പ്രസിഡന്റാക്കാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമം നടത്തി. ഇതിനായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഇവർ ഉപയോഗിച്ചത്.
എ ഗ്രൂപ്പിൽ നിന്നും നിർദേശിച്ച പേരുകളോടൊന്നും തിരുവഞ്ചൂർ രാധാകൃഷ്ണു താത്പര്യമില്ലായിരുന്നു.
തിരുവഞ്ചൂരും സമുദായ നേതാവും
നാട്ടകം സുരേഷിനെ പ്രസിഡന്റാക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ.സുധാകരനെ അറിയിച്ചതായണ് സൂചന.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ ജില്ലയിൽ എ വിഭാഗം രണ്ടു ചേരിയായിട്ടാണ് പ്രവർത്തിക്കുന്നത്. നാട്ടകം സുരേഷിനു വേണ്ടി പ്രമുഖ സമുദായ നേതാവും സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന.
കെഎസ് യുവിലൂടെയാണ് നാട്ടകം സുരേഷ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. നാട്ടകം പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെപിസിസി സെക്രട്ടറിയാണ്.
ഐ ഗ്രൂപ്പിനും കിട്ടിയില്ല
വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം ഇത്തവണ ഐ വിഭാഗത്തിനു വേണമെന്ന അവകാശവാദം ഐ ഗ്രൂപ്പ് സുധാകരനു മുന്പിൽ വച്ചിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ നീക്കത്തിനു ചുക്കാൻ പിടിച്ചത്. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്.
കോട്ടയത്തിനു പകരം ആലപ്പുഴയോ ഇടുക്കിയോ എ ഗ്രൂപ്പിനു നൽകാനായിരുന്ന ധാരണ. എന്നാൽ ഈ നീക്കവും പരാജയപ്പെട്ടിരിക്കുകയാണ്.
വി ഗ്രൂപ്പിനെ ഒതുക്കി
ഇതിനിടയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ വി ഗ്രൂപ്പും ജില്ലയിൽ സജീവമാണ്. ജോസി സെബാസ്റ്റ്യനെ ഗ്രൂപ്പിനതീതമായി പ്രസിഡന്റാക്കണമെന്ന നിർദേശം വേണുഗോപാലും ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
എന്നാൽ ഈ നീക്കത്തെ എ, ഐ ഗ്രൂപ്പുകൾ ഒന്നടങ്കം എതിർക്കുകയാണ്.മുൻ ഡിസിസി പ്രസിഡന്റായ ടോമി കല്ലാനിക്ക് ഒരവസരം കൂടി നൽകണമെന്ന് താഴേത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ വികാരമുണ്ട്. ഈ ആവശ്യമുന്നയിച്ച് നിരവധി നേതാക്കൾ കെ.സുധാകരനേയും ഹൈക്കമാൻഡിനെയും സമീപിച്ചിട്ടുണ്ട്.