കോട്ടയം: പോസ്റ്റര് വിവാദം ഒഴിയാബാധയായ കോട്ടയം ഡിസിസിയില് പുതിയ പോസ്റ്റര് വിവാദത്തിനിടെ യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്ദനം.
യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനാണ് മര്ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയില് പരിക്കേറ്റ മനുകുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ഐസക്കാണ് മര്ദിച്ചതെന്ന് മനുകുമാര് പോലീസില് പരാതി നല്കി.ഇന്നലെ ഉച്ചയോടെ കോട്ടയം ലോഗോസ് സെന്ററിന് സമീപമാണ് സംഭവം.
യൂത്ത് കോണ്ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്ച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില് വക്കാലത്ത് ഒപ്പിടാന് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിക്കൊപ്പം എത്തിയ മനുകുമാര് ഒപ്പിട്ട് മടങ്ങുന്നതിനിടെ ലിബിന് കല്ലുകൊണ്ടു പുറത്തിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി.
വിവാദമായത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്
ഇന്നലെ ഡിസിസി കോരുത്തോട് നടത്തിയ ബഫര് സോണ് വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലുണ്ടായ വിവാദമാണ് മര്ദനത്തില് കലാശിച്ചത്.
ഡിസിസി ഇറക്കിയ പോസ്റ്ററില് ഉമ്മന് ചാണ്ടിയുടെ ചിത്രമില്ലാത്തതായിരുന്നു വിവാദത്തിന് കാരണം. ഉമ്മന് ചാണ്ടി പക്ഷത്തുള്ളവര് ഡിസിസി ഭാരവാഹികളെ പ്രതിഷേധം അറിയിച്ചു.
ചികിത്സയെത്തുടര്ന്ന് ബംഗളൂരുവില് താമസിക്കുന്ന ഉമ്മന് ചാണ്ടി ഇന്നത്തെ സമരത്തില് പങ്കെടുക്കാത്തതിനാല് ചിത്രം ഒഴിവാക്കിയെന്നായിരുന്നു ഡിസിസി നേതൃത്വത്തിന്റെ മറുപടി.
ഇതിന്റെ പേരില് ഉമ്മന് ചാണ്ടി അനുകൂലിയായ മനുകുമാറും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും തമ്മില് ഫോണില്കൂടി പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മര്ദനമെന്ന് യൂത്ത് കോണ്ഗ്രസ് നേതൃത്വം ആരോപിച്ചു.
തരൂരിൽ തുടങ്ങിയ പോര്
ശശി തരൂര് എംപിയുടെ ജില്ലാ പര്യടനത്തോടെ ആരംഭിച്ച പോസ്റ്റര് വിവാദമാണ് ബഫര് സോണ് വിഷയത്തിലും സജീവമായത്.
യൂത്ത് കോണ്ഗ്രസ് ഈരാറ്റുപേട്ടയില് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളത്തിനായി ഇറക്കിയ പോസ്റ്ററില് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും മറ്റും ചിത്രം ഇല്ലാതിരുന്നതിനെ തുടര്ന്നായിരുന്നു ആദ്യ വിവാദം.
പിന്നീട് പോസ്റ്ററില് ഇവരുടെ ചിത്രങ്ങളും ഉള്പ്പെടുത്തി. ഇതേത്തുടര്ന്നുണ്ടായ അതൃപ്തിയാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലുമെന്ന് ഉമ്മന് ചാണ്ടി പക്ഷം കരുതുന്നു.
എന്നാല് സര്ക്കാരിനെതിരേ യുഡിഎഫും കോണ്ഗ്രസും നടത്തുന്ന എല്ലാ പരിപാടികളിലും വിവാദം കടന്നുവന്നതിൽ കോണ്ഗ്രസ് നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്.
യുഡിഎഫ് ഏറ്റെടുത്ത കെ.റെയില് വിരുദ്ധസമരം ഉദ്ഘാടനം ചെയ്യാന് കോട്ടയത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിപാടി ഡിസിസി അധ്യക്ഷന് ബഹിഷ്ക്കരിച്ചത് വലിയ വിവാദത്തിനിടനല്കിയിരുന്നു.
പിന്നീട് ബഫര് സോണ് സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിന് ശേഷം കോണ്ഗ്രസ് ആദ്യമായി നടത്തിയ പ്രതിഷേധ പരിപാടിയാണ് പോസ്റ്ററിനെ ചൊല്ലി വിവാദത്തിലായത്.