കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും സംസ്ഥാനത്തും ദയനീയ പരാജയമുണ്ടായതിന്റെ കാരണം കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.
മധ്യകേരളത്തില്‍ ശക്തിയുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിനു ഗുണമായി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ക്രൈസ്തവ സമൂഹം യുഡിഎഫില്‍ നിന്നും അകന്നു. ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിന് അനൂകൂലമായി.
ഇതു മറികടക്കാനുള്ള സംവിധാനം ഒരുക്കുവാന്‍ യുഡിഎഫിനായില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ജില്ലയില്‍ നിയോഗിച്ച് ഉപസമിതി മുമ്പാകെ നേതാക്കള്‍ പറഞ്ഞു.
ഇന്നലെ രാവിലെ മുതല്‍ ഡിസിസിയിലായിരുന്നു ഉപസമിതിയുടെ തെളിവെടുപ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫില്‍ ഉണ്ടായിട്ടും വേണ്ട പ്രയോജനം ലഭിച്ചില്ല. ഇവര്‍ക്ക് സംഘടനാ സംവിധാനം ജില്ലയില്‍ കുറവാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉപസമിതിക്കു മുമ്പാകെ അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ സമര്ദത്തിനു വഴങ്ങാതെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്തിരുന്നുവെങ്കില്‍ വിജയിക്കാമായിരുന്നുവെന്നാണും നേതാക്കള്‍ പറഞ്ഞു.
ജോസ് വിഭാഗം മുന്നണി വിട്ടതു ദോഷമായി. ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന സംഘടനാ സംവിധാനം ഒരുക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല. പാലായിലെ കാപ്പന്റെ വിജയം ചൂണ്ടിക്കാട്ടി ജോസ് വിഭാഗം മുന്നണിയില്‍നിന്നു പോയതു തിരിച്ചടിയായില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ ഒപ്പം നിര്‍ത്തിയിരുന്നുവെങ്കില്‍ വിജയിക്കാമായിരുന്നു. ജോര്‍ജിനെ മുന്നണിയിലെടുക്കാതിരിക്കാന് ചില നേതാക്കള്‍ ബോധപൂര്‍വം ശ്രമം നടത്തി. കാലങ്ങളായി ഒരേ പദവിയില്‍ തുടരുന്ന ഭാരവാഹികള്‍ ജില്ലയിലെ കോണ്‍ഗ്രസ് സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായെന്ന വിമര്‍ശനവുമുയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും മാത്രമാണു സജീവമായി പ്രവര്ത്തരംഗത്തുള്ളത്. മറ്റുപോഷക സംഘടനകളെ കാണാനില്ല.
സ്ഥാനാര്‍ഥി നിർണയം
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ തോല്‍വിയ്ക്കു കാരണമായ പ്രശ്നങ്ങള്‍ നേതാക്കള്‍ അക്കമിട്ടു സമിതിയ്ക്കു മുന്നില്‍ നിരത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതുള്‍പ്പെടെയുള്ള കാരണങ്ങളും പരാജയത്തിനു കാരണമായതായി ചിലനേതാക്കള്‍ ഉയര്‍ത്തിക്കാട്ടി.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ കെപിസിസി നേതാവ് എല്‍ഡിഎഫിന് വോട്ടു മറിച്ചെന്നും പ്രചാരണത്തില്‍ നിഷ്ക്രിയമായിരുന്നുവെന്നും പരാതി ഉയര്‍ന്നു.പാര്‍ട്ടിയെ ജില്ലയില്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കു വിലങ്ങു തടിയാകുന്നതു കാലങ്ങളായി ഒരേപദവിയില്‍ തുടരുന്ന നേതാക്കളാണ്.
ഡിസിസി നേതൃത്വത്തിനെതിരേയും ചിലനേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപസമിതി അംഗങ്ങളായ വി.സി. കബീര്‍, ഖാദര്‍ മങ്ങാട്ട്, പുനലൂര്‍ മധു എന്നിവരാണു വിവരങ്ങള്‍ ശേഖരിച്ചത്. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി മെന്പര്‍മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവരുമായായിരുന്നു ഇന്നലെ കൂടിക്കാഴ്ച.
നിയമസഭാ സമ്മേളനമായതിനാല്‍ ഉന്നതനേതാക്കളായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ എത്തിയില്ല. കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച ജോസഫ് വാഴയ്ക്കനും എത്തിയില്ല. കെ.സി. ജോസഫ്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ടി. ജോസ്, ഡോ. പി.ആര്. സോന, ഫിന്‍സണ്‍ മാത്യു, ജാന്‍സ് കുന്നപ്പള്ളി, രാധാ വി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നു ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, താത്പര്യമുള്ള മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ക്കു കൂടികാഴ്ച നടത്തും. യുഡിഎഫ് നേതാക്കളും ഇന്നു സമിതിയ്ക്കു മുന്നില്‍ വന്നേക്കും.