കോഴിക്കോട്: കോഴിക്കോട്ടെ പുതിയ ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ കണക്ക് ചോദിച്ച് നേതൃത്വം.
പുതിയ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലേക്ക് ആരെയെല്ലാം ക്ഷണിച്ചിരുന്നു, എത്രപേര്‍ പങ്കെടുത്തു എന്നിവയുള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം.
സമരത്തിൽ പങ്കെടുക്കാത്തവരില്‍ നിന്നു വിശദീകരണം ഉള്‍പ്പെടെ തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. പലപ്പോഴും കോണ്‍ഗ്രസ് ഏറ്റെടുത്തു നയിക്കുന്ന സമരങ്ങളില്‍ പോലും മുന്‍ ഡിസിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ വിട്ടുനില്ക്കാറാണു പതിവ്.
ഇനിമുതല്‍ അതു നടക്കില്ലെന്നും വ്യക്തമായ കാരണമില്ലാതെ സമരത്തില്‍ പങ്കെടുക്കാത്തവരെ തല്‍സ്ഥാനത്തുനിന്നും നീക്കാനും ജില്ലാ പ്രസിഡന്റിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷന് പരിസരത്ത് നടത്തിയ പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ധര്‍ണയില്‍ ചില നേതാക്കള്‍ വിട്ടുനിന്നതായാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വിവിധ യൂണിയന് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുര്‍ന്നായിരുന്നു ഇത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തില്‍ സമരം ഒഴിവാക്കാന്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ഒരു വിഭാഗം ശ്രമിച്ചിരുന്നു.
വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കളെ ‘നീരീക്ഷിക്കാനാണ്’ നിര്‍ദേശം.