കോട്ടയം: കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലും തീപ്പന്തവും എറിഞ്ഞു. ഇന്നു പുലർച്ചെ 2.40നാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു.
തിരുവനന്തപുരത്ത് എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് കോട്ടയം ഡിസിസി ഓഫീസിനു നേരെയും ആക്രമണമുണ്ടായത്.
ഡിസിസി ഓഫീസിന് കാവൽനിന്ന പോലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് ആക്രമണമുണ്ടായത്. പ്രകടനമായി എത്തിയ ഒരു സംഘം ആളുകൾ കല്ലും തീപ്പന്തവും ഡിസിസി ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ഡിസിസി ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് കോണ്ഗ്രസ് ആരോപിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫിനെ ഫോണിൽ ബന്ധപ്പെട്ടു ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് പ്രവർത്തകർ ഇന്നു വൈകുന്നേരം ഡിസിസി ഓഫീസിൽ നിന്നു കറുത്ത ബാഡ്ജ് ധരിച്ച് ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ പ്രകടനവും തുടർന്നു വൈകുന്നേരം നാലു മുതൽ ഏഴുവരെ ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇന്നു വൈകുന്നേരം പന്തളം കൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കല്ലും തീപ്പന്തവും എറിഞ്ഞത് പോലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ
കോട്ടയം: കോട്ടയം ഡിസിസിക്ക് നേരേ കല്ലും തീപ്പന്തവും എറിഞ്ഞത് പോലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അക്രമത്തിനു നേതൃത്വം നല്കിയവരെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുന്പു കോട്ടയത്ത് നടന്ന കല്ലേറിൽ പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം എടുത്തു പുറത്തു വന്നവരാണ് നേതൃത്വം നല്കിയിരിക്കുന്നത്.
ഇവരുടെ ജാമ്യം റദ്ദ് ചെയ്തത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണം.സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം.
കൃത്യമായ നടപടികൾ ഇതുവരെ എടുത്തിട്ടില്ല. പോലീസ് നടപടി കാത്തിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.