കോട്ടയം: കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു കൈമാറിയെന്ന വിവരം പുറത്തുവന്നതോടെ കോൺഗ്രസിൽ കടുത്ത ആകാംക്ഷയും പിരിമുറുക്കവും.
ആരൊക്കെയാകും ജില്ലാ തലപ്പത്ത് എത്തുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനമോഹികളായി നിന്ന പലരും അസ്വസ്ഥരാണ്.
അന്തിമ നിമിഷം വരെ പട്ടികയിൽ ഉണ്ടെന്നു പ്രചരിപ്പിക്കപ്പെട്ടവർ വരെ പുറത്തായതാണ് പലരെയും അസ്വസ്ഥരാക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്കു അന്തിമ രൂപം നൽകിയത്.
ഗ്രൂപ്പിൽ കുടുങ്ങി
പാർട്ടിയിൽ ഗ്രൂപ്പ് അനുവദിക്കില്ലെന്നു ഇരുവരും പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക കീറാമുട്ടിയായി മാറിയത് ഗ്രൂപ്പുകളിയിൽ കുടുങ്ങിത്തന്നെയാണ്. ഗ്രുപ്പുകളുടെ സമ്മർദം ശക്തമായതോടെയാണ് ഒാണത്തിനു മുന്പ് തന്നെ പ്രഖ്യാപിക്കപ്പെടുമെന്നു കരുതിയ പട്ടിക വീണ്ടും നീണ്ടത്.
ഗ്രുപ്പുകളുടെ നേതാക്കളുമായി സന്ധിസംഭാഷണങ്ങളും നടത്തേണ്ടി വന്നു. ഗ്രൂപ്പു താത്പര്യങ്ങൾക്കൂടി പട്ടികയിൽ കടന്നുകൂടിയെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. പട്ടിക പ്രഖ്യാപിക്കുന്നതിനു പിന്നാലെ ചില അസ്വസ്ഥകളും പൊട്ടിത്തെറികളുമുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
കർശന നിലപാടിൽ
എന്നാൽ, പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായതൊന്നും ഇനി അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇനിയും പഴയ രീതിയിൽ മുന്നോട്ടുപോയാൽ പാർട്ടി കാണില്ലെന്നാണ് പുതിയ നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.