കണ്ണൂർ: പാർട്ടി പരിപാടികളുടെ പങ്കാളിത്തം നേതൃപദവികളിലേക്കുള്ള പരിഗണനയായി കണക്കാക്കുന്നതിനായി കണ്ണൂരിൽ നടന്ന ഡിസിസി പരിപാടിയിൽ തലയെണ്ണൽനടത്തി. പാർട്ടി പരിപാടികളിൽ കൃത്യമായി പങ്കെടുക്കാത്തവരെ കുറിച്ച് ഓരോ കമ്മിറ്റിയും റിപ്പോർട്ട് നൽകണം.
പങ്കെടുക്കാത്തവരെക്കുറിച്ചുള്ള റിപ്പോർട്ട് കെപിസിസി ശേഖരിക്കും. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പ്രവർത്തകർ പങ്കെടുത്തുവെന്ന് ഇനി ഹൈക്കമാൻഡ് നേരിട്ട് ഉറപ്പാക്കും. അതിനായി എല്ലാ പ്രവർത്തകരും രാഹുൽഗാന്ധി ആവിഷ്കരിച്ച ശക്തി പ്രൊജക്ടിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് കെപിസിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി റഫാൽ അഴിമതിക്കെതിരേ
ജില്ലാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ തലയെണ്ണൽ നടത്തി. സംഘടനാ ചുമതലയുള്ള ബ്ലോക്ക് പ്രസിഡന്റുമാർക്കാണ് അതാത് ബ്ലോക്കിലെ നേതാക്കളുടെയും പ്രവർത്തകരുടെയും എണ്ണമെടുക്കുന്ന ജോലി. ഈ പരിപാടിയിൽ പങ്കെടുക്കാത്തവരുടെ ഹാജർ രേഖപ്പെടുത്തി കെപിസിസിക്ക് അയച്ചുകൊടുക്കും.
മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ എന്നിവരുടെ ഹാജരാണ് രേഖപ്പെടുത്തിയത്. 23 ബ്ലോക്ക് പ്രസിഡന്റുമാർ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിസിസി ഓഫീസിൽ യോഗം ചേർന്നു.