തൃശൂർ: ഡിസിസി ഓഫീസ് കാവി പൂശിയത് ചർച്ചയായി. വിവാദമായപ്പോൾ കാവിപ്പുറത്ത് പച്ച നിറം അടിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുയാണ് കോൺഗ്രസ് നേതാക്കൾ.
കാവി പെയിന്റടിച്ചത് പുറത്ത് ചർച്ചയായതോടെയാണ് പെയിന്റ് മാറ്റിയടിക്കാൻ നേതാക്കൾ നിർദ്ദേശിച്ചത്.രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായാണ് ഡിസിസി ഒാഫീസ് പെയിന്റടിച്ച് മനോഹരമാക്കാൻ തീരുമാനിച്ചത്.
ഇന്നലെ കാവി നിറം ചുവരിൽ അടിക്കുന്പോൾ നേതാക്കളടക്കമുള്ളവർ ഡിസിസിയിൽ ഉണ്ടായിരുന്നു. എന്നാൽ രാത്രിയിൽ പെയിന്റിന്റെ നിറം ചർച്ചയായപ്പോൾ അതി രാവിലെത്തന്നെ തൊഴിലാളികളെ എത്തിച്ച് കാവി മാറ്റി അടിക്കുകയാണ്.
ഓഫീസിന് കാവിയടിച്ച് ബിജെപി മുഖഛായയാക്കിയെന്ന് പറഞ്ഞ് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടൻ ചർച്ചയായിട്ടുണ്ട്.
നേതാക്കളുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്കു പോകുന്നുവെന്ന് സംഭവത്തെ ഇടതു സൈബർ പോരാളികൾ പരിഹസിക്കുകയാണ്.
ഭാരത് ജോഡോ യാത്രയുടെ തീം ആയി കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ എന്ന മുദ്രാവാക്യം ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു.
ഈ മാസം 22നാണു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂർ ജില്ലയിൽ എത്തുക. 23ന് യാത്രയ്ക്ക് അവധിയാണ്.
24ന് ചാലക്കുടിയിൽനിന്ന് ആരംഭിച്ച് വൈകുന്നേരം തൃശൂർ തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. 25ന് ചെറുതുരുത്തി പാലം കടന്ന് ജില്ലയിലെ പര്യടനം പൂർത്തിയാക്കും.