തോമസ് വർഗീസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ജില്ലാ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു തെറിക്കുമെന്നുറപ്പായതോടെ കെപിസിസിയിൽ സ്ഥാനമുറപ്പിക്കാൻ നീക്കവുമായി ചില ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും.
സംസ്ഥാനത്തെ 14 ഡിസിസികളിൽ കോണ്ഗ്രസ് പിടിച്ചു നിന്നത് എറണാകുളം, വയനാട് ജില്ലകളിൽ മാത്രമാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വൻ പരാജയം ഏറ്റുവാങ്ങിയിട്ടും ഇനി സംസ്ഥാന തലത്തിൽ പ്രവർത്തിക്കാൻ അവസരം നല്കണമെന്ന അപേക്ഷയുമായി ചില ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും ഇതിനോടകം കോണ്ഗ്രസ് നേതൃത്വത്തിനെ സമീപിച്ചു.
എന്നാൽ നിലവിൽ ഡിസിസി പ്രസിഡന്റുമാരായിരുന്നവരെ ഇനിയും പുതിയ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരേ പാർട്ടിക്കുള്ളിലും അഭിപ്രായവ്യത്യാസം ഉണ്ട്.മധ്യതിരുവിതാംകൂറിലെ ഡിസിസി പ്രസിഡന്റുമാരിൽ ചിലരാണ് ഇത്തരം നീക്കങ്ങൾ പ്രധാനമായും നടത്തുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്തിൽ കോണ്ഗ്രസ് പാർട്ടിയെ വിജയിപ്പിക്കാൻ കഴിയാത്ത ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഇതിനോടകം കോണ്ഗ്രസ് നേതൃത്വം ശേഖരിച്ചു.
സ്വന്തം പഞ്ചായത്ത് തലത്തിൽ പോലും സംഘടനയെ സജീവമാക്കാൻ കഴിയാത്ത ഡിസിസി പ്രസിഡന്റുമാരെ ഇനി പുതിയ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരരുതെന്ന ആവശ്യം പ്രവർത്തകർക്കിടയിലുമുണ്ട്.
ഇത് സംബന്ധിച്ച് കോണ്ഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും ഇ മെയിൽ സന്ദേശങ്ങൾ അയച്ചു.
നിലവിലുള്ള ഡിസിസി പ്രസിഡന്റുമാർ സ്ഥാനം ഒഴിയുന്പോൾ ഇവരെ കെപിസിസിയിൽ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ നിലപാട് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റേത് ആവും. നിലവിലുള്ളവരെ വീണ്ടും ഭാരവാഹിത്വത്തിലേക്ക് കൊണ്ടു വന്നാൽ ജംബോ കമ്മിറ്റി ആവും.