സ്വന്തംലേഖകൻ
തൃശൂർ: ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്പോൾ വീണ്ടും പഴയ കാലത്തേക്ക് പോകരുതെന്ന നിർദ്ദേശവുമായി പാർട്ടിയിലെ പ്രവർത്തകർ ചർച്ച തുടങ്ങി.തൃശൂരിൽ പുതിയ ഡിസിസി പ്രസിഡന്റായി പുറത്തുവന്ന പേരുകളെക്കുറിച്ചാണ് ഇപ്പോൾ പ്രധാന ചർച്ച.
നിലവിൽ ഡിസിസി പ്രസിഡന്റായ എം.പി. വിൻസന്റിനെ മാറ്റുന്പോൾ അതിലും കഴിവുള്ള വ്യക്തികളെ നിയമിക്കാതെ മറ്റാരെയെങ്കിലും നിയമിച്ചാൽ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഗതി പഴയതിലും മോശമാകുമെന്നാണ് ചർച്ചയായിരിക്കുന്നത്.
പാർട്ടിയിൽ ഉയർന്നു വരുന്ന യുവ നിരകൾക്ക് അവസരം കൊടുത്താൽ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാകൂ. ഗ്രൂപ്പ് നോക്കാതെ പ്രസിഡന്റിനെ നിയമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നുണ്ടെങ്കിലും പ്രവർത്തിയിൽ വന്നപ്പോൾ ഗ്രൂപ്പ് നോക്കി തന്നെയാണ് നിയമനമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
തൃശൂരിൽ പദ്മജ വേണുഗോപാലിന്റെയും, ടി.വി. ചന്ദ്രമോഹന്റെയും പേരുകളാണ് ഉയർന്നു വന്നിരിക്കുന്നതെന്ന് പറയുന്നു. എന്നാൽ ഈ പേരുകൾ മാത്രമല്ല കെപിസിസിയുടെ പരിഗണനയിലുള്ളത്.
കോണ്‍ഗ്രിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായമെടുക്കാതെ ഡിസിസി പ്രസിഡന്റിനെ നിയമിച്ചാൽ കോണ്‍ഗ്രസിന്റെ ഗതി വീണ്ടും താഴേക്ക് തന്നെയാകുമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ഡിസിസിയിൽ തന്നെയുള്ള പല യുവാക്കളുടെ പേരുകളും കെപിസിസിയിലേക്ക് നിർദ്ദേശമായി പോയിട്ടുണ്ട്. ഇവരെ കൂടി പരിഗണിക്കാതെ ഡിസിസി പ്രസിഡന്റിനെ കെപിസിസി നിർദ്ദേശിച്ചാൽ പ്രതിഷേധിക്കാൻ തന്നെയാണ് നീക്കം നടത്തുന്നത്.
പാർട്ടിയെ ശക്തിപ്പെടുത്താൻ ഗ്രൂപ്പിനതീതമായി തന്നെ ഡിസിസി പ്രസിഡന്റിനെ നിയമിച്ചാലേ പാർട്ടി രക്ഷപെടൂവെന്ന നിലപാടുമായി കൂടുതൽ പ്രവർത്തകരും അടുത്ത ദിവസങ്ങളിൽ രംഗത്തു വരും.
്