കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നേതാടെ വയനാട് ഡിസിസിയില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി ഒഴിവാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി. ആരോപണസ്ഥാനത്തുള്ള ഐ.സി. ബാലകൃഷ്ണന്റെ രാജിയിലേക്ക് എത്താനുള്ള സാഹചര്യത്തിലാണ് ആത്മഹത്യാക്കുറിപ്പ് ഉയര്‍ത്തിവിട്ട വിവാദം ശമിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
ഐ.സി. ബാലകൃഷ്ണനു പുറമേ വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയുംപേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ആരോപണങ്ങളുടെ പേരില്‍ എംഎല്‍എ രാജിവച്ചാല്‍ ഡിസിസി പ്രസിഡന്റിനും ഒഴിയേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണു നേതൃത്വം. കുടുംബവുമായി സംസാരിച്ചുള്ള പ്രശ്നപരിഹാര സാധ്യതയാണു നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന. വയനാട്ടിലെ കോൺഗ്രസ് നേതാക്കളില്‍ ഒരു വിഭാഗവും അണികളും രാജിയാവശ്യവുമായി രംഗത്തുണ്ട്.
മൂത്തമകനും കെപിസിസി പ്രസിഡന്റിനുമായി രണ്ടു കത്തുകളാണ് എൻ.എം. വിജയൻ തയാറാക്കിയത്. രണ്ടു കത്തുകളും കുടുംബം ഇന്നലെ പുറത്തുവിട്ടു. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ.എം. വിജയൻ എന്നു തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത്. അരനൂറ്റാണ്ടു കാലം പാർട്ടിക്കുവേണ്ടി ജീവിതം തുലച്ചു. മരണത്തിനു ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാലു കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തിൽ പറയുന്നു.
മൂത്തമകന് വിജിത്തിനുള്ള കത്തിനു നാലു പേജുണ്ട്. അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വിജയൻ കെപിസിസി പ്രസിഡന്റിന്റെ പേരില്‍ എഴുതിയ കത്തിലുണ്ട്. ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനുമാണ്. പ്രശ്നം വന്നപ്പോൾ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്തുപറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്.
പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കത്തിൽ പരാമർശിക്കുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയന്റെ ആത്മഹത്യയ്ക്കു കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു. ഡിസംബര്‍ 24നാണ് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനെയും മകന് ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ വീട്ടിലെ മുറിയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കേയാണു രണ്ടുപേരും മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകന് ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.
സ്വന്തം ലേഖകൻ