കോട്ടയം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫ് മുന്നണിയിലെത്തിയ രാഷ്്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം നാളെ രാവിലെ ഡിസിസി ഓഫീസിൽ നടക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം യുഡിഎഫ് വിട്ടതു ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഇക്കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
യുഡിഎഫിന്റെ വോട്ടു വാങ്ങി വിജയിച്ച തോമസ് ചാഴികാടൻ എംപിയും ഡോ. എൻ.ജയരാജും സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെടും.
ഒപ്പം ജോസ് വിഭാഗത്തിന്റെ രാഷ്്ട്രീയ വഞ്ചന തുറന്നു കാട്ടുന്ന പ്രചരണ പരിപാടികളും തീരുമാനിക്കും. ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയതോടെ ബാർ കോഴ സമരം ഉൾപ്പെടെ വിഴുങ്ങിയ സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും തുറന്നു കാട്ടും.
ജോസ് വിഭാഗം എൽഡിഎഫിലേക്ക് എന്ന പ്രഖ്യാപനം വന്നയുടൻ തോമസ് ചാഴികാടനും ഡോ.എൻ. ജയരാജും രാജിവയ്ക്കണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടുതൽ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ചർച്ചകൾക്കും യോഗത്തിൽ തുടക്കമാകും. ജോസ് വിഭാഗം മുന്നണി വിട്ടതോടെ കൂടുതൽ സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കാനാണ് തീരുമാനം.
ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകൾ മുഴുവൻ വേണമെന്ന് ആവശ്യമുന്നയിക്കുന്നുണ്ടെങ്കിൽ ഇതിനു വഴങ്ങേണ്ടെന്നും കൂടുതൽ സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കണമെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷിയായ ലീഗും കുടുതൽ സീറ്റിനായി രംഗത്തുണ്ട്.
യുഡിഎഫ് ജില്ലാ ചെയർമാനായി പുതിയ ആളെ തീരുമാനിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. നിലവിൽ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിനായിരുന്നു ജില്ലാ ചെയർമാൻ സ്ഥാനം.
ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ തീരുമാനമുണ്ടാകുകയുള്ളൂ.
കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗത്തിനു ചെയർമാൻ സ്ഥാനം ലഭിക്കുകയാണെങ്കിൽ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിനാണ് സാധ്യത.
എന്നാൽ മോൻസ് ജോസഫ് എംഎൽഎയെ ചെയർമാനാക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. ഇക്കാര്യത്തിൽ പി.ജെ. ജോസഫ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
ജോസഫ് വിഭാഗത്തിനു ചെയർമാൻ സ്ഥനം നൽകുന്നില്ലെങ്കിൽ കോണ്‍ഗ്രസ് ചെയർമാൻ സ്ഥാനവും ഏറ്റെടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനെ ചെയർമാനാക്കിയേക്കും. ജോസി സെബാസ്റ്റ്യനാണ് നിലവിൽ യുഡിഎഫ് ജില്ലാ കണ്‍വീനർ.