ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന ബ്രാൻഡ് ആയ റോയൽ എൻഫീൽഡിൽനിന്ന് ഉടൻതന്നെ വിപണിയിൽ എത്താൻ പോകുന്ന രണ്ടു മോഡലുകളിൽ ഒന്നാണ് ഇന്റർസെപ്റ്റർ 650. യുകെയിലും ഇന്ത്യയിലും ഒരുപോലെ വിപണിയിലെത്തുന്ന വാഹനം കഴിഞ്ഞ ദിവസം വില്യം രാജകുമാരന്റെ ശ്രദ്ധയിൽപ്പെട്ടു.
യുകെയിൽ കോമൺവെൽത്ത് നേതാക്കളെ സ്വാഗതം ചെയ്തുള്ള ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്ന ഇന്റർസെപ്റ്റർ 650 മോട്ടോർ സൈക്കിളാണ് രാജകുമാരന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അടുത്തെത്തി വാഹനത്തെ സസൂക്ഷ്മം വീക്ഷിച്ച അദ്ദേഹം ഐഷർ മോട്ടോഴ്സ് സിഇഒ സിദ്ധാർഥ ലാലുമായി അല്പനേരം സംസാരിക്കുകയും ചെയ്തു.
1962ൽ ആദ്യമായി ഇന്റർസെപ്റ്റർ 750 പുറത്തിറങ്ങി. ബ്രിട്ടീഷ് ട്വിൻ എൻജിൻ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങിയ ഈ മോഡലിന്റെ ഉത്പാദനം 1970ൽ അവസാനിപ്പിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഇന്റർസെപ്റ്റർ 650ൽ ഓൾ ന്യൂ 648 സിസി, എയർ കൂൾഡ്, പാരലൽ ട്വിൻ എൻജിൻ ആണ് ഉപയോഗിച്ചരിക്കുന്നത്. 47 ബിഎച്ച്പി പവറിൽ 52 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ എൻജിനു കഴിയും.