തിരുവനന്തപുരം: ചാലക്കുടിയിൽ സർക്കാർ ഭൂമി വ്യാജരേഖ സൃഷ്ടിച്ചു സ്വന്തമാക്കി നടൻ ദിലീപ് തിയറ്റർ സമുച്ചയം നിർമിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ തൃശൂർ ജില്ലാ കളക്ടർക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശം. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. കൈയേറ്റമാണെന്നു കണ്ടെത്തിയാൽ നിയമനടപടിയുമായി മുന്നോട്ടു പോകും.
ചാലക്കുടി ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ വിട്ടുനൽകിയ കൊച്ചി ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരേക്കർ ഭൂമി കൈയേറിയാണു ഗോപാലകൃഷ്ണൻ എന്നു പേരുള്ള ദിലീപ് ഡി- സിനിമാസ് എന്ന പേരിൽ തിയറ്റർ സമുച്ചയം നിർമിച്ചതെന്നാരോപിച്ചു 2014ൽ അഭിഭാഷകനായ സന്തോഷ് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കാൻ അന്നത്തെ തൃശൂർ ജില്ലാ കളക്ടർ എം.എസ്. ജയയ്ക്കു സർക്കാർ നിർദേശം നൽകിയിരുന്നു. എട്ടു പേരിൽനിന്നു ഭൂമി വാങ്ങിയാണു ദിലീപ് തിയറ്റർ സമുച്ചയം നിർമിച്ചത്. എന്നാൽ, ഇതിൽ 35 സെന്റ് തോട് പുറന്പോക്കു ഭൂമി കൈയേറിയിട്ടുണ്ടെങ്കിലും ദിലീപിന്റെ രജിസ്ട്രേഷൻ നടപടികൾ ഉടമസ്ഥാവകാശം പൂർണമായി തെളിയിക്കുന്നതാണെന്നും എം.എസ്. ജയ സർക്കാരിനു റിപ്പോർട്ട് നൽകി.
എന്നാൽ, വീണ്ടും പരാതി ഉയർന്ന സാഹചര്യത്തിൽ ലാൻഡ് റവന്യു കമ്മീഷണറുടെ നിർദേശപ്രകാരം 2015ൽ റവന്യു വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. ഭൂമിയിൽ ദിലീപിന് ഉടമസ്ഥാവകാശമുണ്ടെന്നു പറഞ്ഞ ജില്ലാ കളക്ടറുടെ റിപ്പോർട്ട് തള്ളിക്കൊണ്ടു റവന്യു വിജിലൻസ് സർക്കാരിനു റിപ്പോർട്ട് നൽകി. വിശദ അന്വേഷണത്തിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. എന്നാൽ, ഒരു മന്ത്രിയുടെ ഇടപെടലിനെത്തുടർന്നു റവന്യു വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് മുക്കുകയായിരുന്നുവെന്നാണു ആരോപണം. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കു നിർദേശം നൽകിയത്. ഏതാനും ദിവസം മുൻപ് ഇതു സംബന്ധിച്ചു റവന്യു മന്ത്രിക്കു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നു തൃശൂർ ജില്ലാ കളക്ടറോടു റിപ്പോർട്ട് ചോദിച്ചപ്പോൾ ഇതു സംബന്ധിച്ച ഫയൽ കളക്ടറേറ്റിൽ ഉണ്ടെന്നു മറുപടി ലഭിച്ചിരുന്നു.