ലക്നൗ: ഉത്തർപ്രദേശിൽ വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി. ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കർ കനൗജിയയെ പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഗൊരഖ്പുർ ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണ് തരംതാഴ്ത്തിയത്. മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തിലാണു നടപടി.
2021 ജൂലൈ ആറിന് അവധിയെടുത്ത കൃപാ ശങ്കർ വീട്ടിൽ പോകാതെ വനിതാ കോൺസ്റ്റബിളിനൊപ്പം കാൺപുരിനടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാതായപ്പോൾ ഭാര്യ ഓഫീസിൽ അന്വേഷിച്ചെത്തി.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ഉദ്യോഗസ്ഥനെയും വനിതാ ഓഫീസറെയും ഹോട്ടൽ മുറിയിൽനിന്നു കണ്ടെത്തുകയായിരുന്നു. വകുപ്പുതലത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനുശേഷമാണു കൃപാ ശങ്കർ കനൗജിയയ്ക്കെതിരേ തരംതാഴ്ത്തൽ നടപടിയുണ്ടായത്.