കൊച്ചി: ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത സംഭവമാണ് വിവാദമായത്.
മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നുമാണ് സസ്പെന്ഷന് കാരണമായതെന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സി.പി. രഘുവിനെയാണ് ഐശ്വര്യ നടപടി സ്വീകരിച്ചത്.
സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു വെന്‍ഡിംഗ് മെഷിന് സ്ഥാപിച്ചത്. അതേസമയം, ഉദ്ഘടനത്തിനു ഡിസിപിയെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ എന്നാണ് പോലീസുകാർക്കിടയിലെ സംസാരം.
ഡിസിപി ഐശ്വര്യ ഡോങ്റെ ഇതാദ്യമായല്ല വിവാദങ്ങളിലിടം നേടുന്നത്. നേരത്തെ, ഐശ്വര്യ മഫ്തി വേഷത്തിലെത്തിയപ്പോൾ പോലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ നടപടി സ്വീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യയെ തടഞ്ഞത്.
ഐശ്വര്യ യൂണിഫോമിലല്ലായിരുന്നുവെന്നും മാസ്ക് ധരിച്ചതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ടെന്ന് അറിയിച്ചിട്ടും ഐശ്വര്യ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. തുടർന്ന് ഇവരെ ഐശ്വര്യ സസ്പെൻഡ് ചെയ്തു.