സ്വന്തം ലേഖകൻ
ന്യൂഡൽഹി: വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം പുതുക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഇൻഷ്വറൻസ് നിരക്കുകൾ ജൂണ് ഒന്നിനു പ്രാബല്യത്തിൽ വരും.
പുതുക്കിയ നിരക്കനുസരിച്ചു സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ ഒരു ശതമാനം മുതൽ 23 ശതമാനം വരെയാണ് വർധന. എൻജിൻ ശേഷി 1,000 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 2,094 രൂപയായി ഉയർത്തി.
1,000 മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 3,416 രൂപയായും 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ പ്രീമിയം 7,897 രൂപയായും ഉയർത്തി.
അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും വിന്റേജ് കാറുകൾക്ക് 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2019-20 സാന്പത്തിക വർഷത്തിലാണ് കേന്ദ്രസർക്കാർ അവസാനമായി ഇൻഷ്വറൻസ് നിരക്കുകൾ പുതുക്കിയത്.
സ്വന്തം കേടുപാടുകൾക്ക് പുറമേ റോഡപകടം കാരണം എതിർകക്ഷിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുന്നതിനാണ് തേർഡ് പാർട്ടി ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.
ഇരുചക്രവാഹനങ്ങളിൽ 150 സിസിക്കും 350 സിസിക്കും ഇടയിൽ എൻജിൻ ക്ഷമതയുള്ള വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 2,804 രൂപയുമാണ് പുതുക്കിയ പ്രീമിയം.
75 സിസി വരെ 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയിൽ 714 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ഇലക്ട്രിക് കാറുകളിൽ 30 കിലോവാട്ടിൽ താഴെയുള്ള വാഹനങ്ങളുടെ പ്രീമിയം 1780 രൂപയും 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങളുടെ പ്രീമിയം 2,904 രൂപയും 65 കിലോവാട്ടിന് മുകളിലുള്ള സ്വകാര്യ ഇലക്ട്രിക് കാറുകൾക്ക് 6,712 രൂപയുമാണ് പ്രീമിയം വർധിപ്പിച്ചത്.
മൂന്നു കിലോവാട്ടിന് താഴെയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം 457 രൂപയായി വർധിപ്പിച്ചു.
മൂന്ന് കിലോവാട്ടിനും ഏഴ് കിലോ വാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് 607 രൂപയും ഏഴു കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് 1,161 രൂപയും 16 കിലോവാട്ടിന് മുകളിൽ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 2,383 രൂപയുമായിട്ടാണ് വർധിപ്പിച്ചത്.
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന 20,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 35,313 രൂപയായി ഉയർത്തി.
40,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 44,242 രൂപയായി വർധിക്കും.