കാണ്‍പുർ: യുപിയിലെ കാണ്‍പുരിൽ കൂട്ട മാനഭംഗത്തിനിരയായ പതിമൂന്നുകാരിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു.
മകൾ മാനഭംഗത്തിനിരയായ സംഭവത്തിൽ പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെയാണു പിതാവ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.
തിങ്കളാഴ്ചയാണു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു കാണ്‍പുർ സ്വദേശിയായ പിതാവ് പോലീസിൽ പരാതി നല്‍കിയത്. ഇതിനു പിന്നാലെ പ്രതികളുടെ കുടുംബാംഗങ്ങളിൽനിന്ന് പിതാവിനു ഭീഷണിയുണ്ടായിരുന്നു.
ഇന്നലെ രാവിലെ മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകവേ കാൺപുരിലെ ഘട്ടംപുർ മേഖലയിലെ ആശുപത്രിക്കു മുന്നിൽവച്ചുണ്ടായ വാഹനാപകടത്തിലാണു പിതാവ് മരിച്ചത്.
ചായ കുടിക്കാൻ പോയ പിതാവിനെ ട്രക്കിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ലാലാ ലജ്പത് റായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അപകടം സംബന്ധിച്ച് കേസെടുത്തുവെന്നു കാൺപുർ ഡിഐജി പ്രീതിന്ദർ സിംഗ് പറഞ്ഞു.മാനഭംഗക്കേസിലെ മുഖ്യപ്രതി ഗോലു യാദവിന്റെ പിതാവ് യുപി പോലീസ് എസ്ഐയാണ്.
പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ സഹോദരൻ സൗരഭ് ഭീഷണിപ്പെടുത്തിയെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
ഗോലു, ദീപു എന്നിവരാണു പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
കന്നുകാലിക്ക് പുല്ലു ശേഖരിക്കാൻ പോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.