ചുട്ടുപഴുത്ത സഹാറ മരുഭൂമി മരണത്തിലേക്കു നീങ്ങുമോ?. മണലും മണല്‍ക്കാറ്റും മാത്രമുള്ള മരുഭൂമിയിൽ അടുത്ത കാലത്തു ദൃശ്യമാകുന്ന ചില മാറ്റങ്ങൾ ഇങ്ങനെയുള്ള ചിന്തയും ഉയർത്തുന്നു.
മരുഭൂമിയുടെ പല ഭാഗങ്ങളും പതിയെ പുല്മേടുകളായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് മരുഭൂമിയില്‍ ഇത്തരം ഒരു മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പലപ്പോഴും കാലാവസ്ഥ മാറ്റത്തിനനുസരിച്ചു മരുഭൂമിയില്‍ അങ്ങിങ്ങായി ചെറിയ പച്ചപ്പുകള്‍ രൂപപ്പെടാറുണ്ടെങ്കിലും ഇത് അധികകാലം നീളാറില്ല. എന്നാല്‍, ചില സാഹചര്യങ്ങളില്‍ ഇതില്‍നിന്നു മാറി ആ പച്ചപ്പ് പതിയെ വളരാന്‍ തുടങ്ങും.
ഇതിന് ഉദാഹരണമാണ് സഹാറ മരുഭൂമിയില്‍ രൂപമെടുത്ത പുല്‍മേടുകള്‍. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഇനിയും ഉണ്ടാകാമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ മരുഭൂമിയുടെ കുറയും.
കൂടുതൽ ചെടികൾ
മരുഭൂമിയിലെ ചൂടുള്ള വായുവിനു കൂടുതല്‍ ഈര്‍പ്പം വഹിക്കാനുള്ള ശേഷിയുണ്ട്. ഇതു മരുപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനു കാരണമാക്കും. 1982നും 2002നും ഇടയില്‍ നാസ ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് സഹാറയുടെ പല പ്രദേശങ്ങളിലും ചെടികള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ തെളിവുകള്‍ സഹാറയുടെ തെക്ക് ഭാഗത്തുള്ള അര്‍ധ മരുഭൂമി മേഖലയായ സഹേല്‍, സെനഗലില്നിന്നു സുഡാന് വരെ നീളുന്ന 2,400 മൈല്‍ പ്രദേശങ്ങള്‍, ചാഡ് തെക്കുപടിഞ്ഞാറന്‍ ഈജിപ്ത് എന്നിവിടങ്ങളിലും കാണാം.
വെറും പുല്‍മേടുകള്‍ മാത്രമാകാതെ അക്കാസിയസ് പോലുള്ള മരങ്ങളും ഈ പ്രദേശങ്ങളില്‍ വളരുന്നുണ്ട്. 20 വര്‍ഷത്തിലേറെയായി ഇത്തരം പ്രദേശങ്ങള്‍ നശിക്കാതെ തുടരുന്നു എന്നതു മരുഭൂമിയിലെ ഭൂപ്രകൃതിയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണെന്നു വിലയിരുത്തുന്നു
മഴ കൂടും
ചില ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത് 2080 ആകുമ്പോഴേക്കും സഹാറ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴ രണ്ട് മില്ലിമീറ്റര്‍ വരെ വര്‍ധിക്കുമെന്നാണ്. ചിലപ്പോള്‍ ഇതു താത്കാലിക അവസ്ഥ മാത്രമായി മാറുകയും ചെയ്തേക്കാം.
മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള മാര്ട്ടിന് ക്ലോസ്സെന്റെ അഭിപ്രായപ്രകാരം സഹാറ മരുഭൂമിയിലെ കാലാവസ്ഥ പകുതി നനഞ്ഞതും ബാക്കി പകുതി വരണ്ട അവസ്ഥയിലുമുള്ളതാണ്. എന്തായാലും ഭാവിയില്‍ വലിയ മാറ്റങ്ങൾ കളമൊരുങ്ങുന്ന ഇടമാണ് സഹാറാ മരുഭൂമി.