കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി.
ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്.
ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു.
എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരൻ മൃതദേഹം മോർച്ചറിയിൽ വയ്ക്കുവാൻ അനുമതി നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ജീവനക്കാരൻ മോർച്ചറിയിൽ സൂക്ഷിക്കാൻ അനുമതി നിഷേധിച്ചതോടെ മണിക്കൂറുകൾ മൃതദേഹം ആംബുലൻസിൽ കിടത്തേണ്ടി വന്നു.