ഗോഹട്ടി: ആസാമിൽ ആംബുലന്‍സ് ലഭിക്കാതെ സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടി യുവാവിന് വീട്ടിലെത്തിക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ അന്വേഷണത്തിന് എത്തിയ സംസ്ഥാന ആരോഗ്യ ഡയറക്ടറും സംഘത്തിനും യുവാവിന്റെ വീട്ടിലേക്കുള്ള വഴിയിൽ പാലം തകർന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമത്തിലെ മുളകൊണ്ടുള്ള പാലം കടക്കുമ്പോഴായിരുന്നു അപകടം.
പതിനെട്ടുകാരനായ ഡിംപിള്‍ ദാസിന്റെ മൃതദേഹവുമായാണ് സഹോദരന് സൈക്കിളിൽ ഗ്രാമത്തിലേക്ക് പോകേണ്ടിവന്നത്. ആസാമിലെ മജുലി ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിപിംളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീടിന് സമീപത്ത് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള ബാലിജാന് ഗ്രാമത്തിലുള്ള ആശുപത്രിയിലായിരുന്നു ഡിംപിളിനെ എത്തിച്ചത്. സൈക്കിളില്‍ തന്നെയായിരുന്നു ആശുപത്രിയിലേക്കുള്ള യാത്ര. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഡിപിംള്‍ മരിച്ചു. തുടര്‍ന്ന് ഡിംപിളിന്റെ ബന്ധുക്കള്‍ ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാന്‍ വൈകിയതോടെ മൃതദേഹം സൈക്കിളില്‍ കെട്ടി വീട്ടിലേക്ക് തിരിക്കുകയായിരുന്നു.