അടൂർ: കോട്ടയം മെഡിക്കൽ കോളജിൽ പോലീസ് എത്തിച്ച രോഗി മരണപ്പെട്ടത് പുറംലോകം അറിയാതെ അജ്ഞാതനായി മുദ്രകുത്തി മൃതദേഹം അനാട്ടമി വിഭാഗത്തിന് കൈമാറിയത് പിഴവെന്ന് മനുഷ്യാവകാശ കമ്മീഷൻ. കഴിഞ്ഞ എപ്രിൽ ഏഴിനു നാട്ടിലേക്കുള്ള യാത്രാ മധ്യേ അമിത രക്തസമ്മർദ്ദം മൂലം വിശാഖപട്ടണം – കൊല്ലം ട്രെയിനിൽ അബോധാവസ്ഥയിലായ പറന്തൽ മിത്രപുരം സുശാന്ത് ഭവനിൽ എം.കെ. ഭാസ്കരനെ ആലുവാ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.
സഹയാത്രികർ ഭാസ്കരന്റെ ബാഗ് ആർപിഎഫിനെ ഏൽപിച്ചുവെങ്കിലും അത് പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയ്ക്കുന്നതിനു പോലീസ് ശ്രമിച്ചതുമില്ല.ഭാസ്കരനെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായെന്ന പരാതിയെ തുടർന്നു ഏറണാകുളം നോർത്ത് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഭാസ്കരൻ മരണപ്പെട്ട വിവരം ആർപിഎഫ് അറിയുന്നത്. തുടർന്നു ഭാസ്കരൻ മരണപ്പെട്ട വിവരം അറിഞ്ഞ് ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി മോർച്ചറിയിൽ വന്ന് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു ഏറ്റുവാങ്ങുകയായിരുന്നു.
റെയിൽവേ പോലീസും എറണാകുളം പോലീസും മരണപ്പെട്ട ഭാസ്കരനെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെങ്കിലും ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. പോലീസ് കേവലം യാന്ത്രികമായി മാത്രമാണ് പ്രവർത്തിച്ചതെന്നു കരുതുന്നതിൽ തെറ്റില്ലെന്നും യാത്രാമധ്യേ മരണപ്പെട്ട ഒരാളിനോടുള്ള പൗരധർമവും ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും അപൂർണമായി തുടരുന്നതായി കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ആശുപത്രിയിലെത്തിക്കുന്ന അജ്ഞാതരെയും മൃതശരീരങ്ങളെയും സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ ആശുപത്രികൾക്കും ബന്ധപ്പെട്ട പോലീസിനും കഴിവതുംവേഗം രേഖാമൂലം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. ഭാസ്കരന്റെ മൃതശരീരവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജ് നടപടിക്രമങ്ങളും സർക്കാർ നിർദേശങ്ങളും നിയമക്രമം പാലിച്ചോയെന്ന് അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ഉന്നതതല അന്വേഷണം നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളുമായി ബന്ധപ്പെട്ട പരാതി ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ആന്വേഷിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.