കുന്നംകുളം: ചൂണ്ടലിൽ ആളൊഴിഞ്ഞ പറന്പിലെ മോട്ടോർ പുരയിൽ ഇന്നലെ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചത് ആണെന്നോ പെണ്ണെന്നോ പോലും അറിയാതെ ചൂണ്ടലിലെ പാടത്തിന്റെ ഒരുഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണിത്.
ഇന്നലെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ അപ്പുറത്തെ പാടത്താണ് ആറുമാസം മുന്പ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ശരീരം ഏതാണ്ട് പൂർണമായും കത്തിയ നിലയിലായിരുന്നു അത്.
കൈകാലുകളുടെ അവശിഷ്ടം മാത്രമാണ് ലഭിച്ചത്.
ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ളവ നടത്തിയിട്ടും വിശദ അന്വേഷണങ്ങൾ നടത്തിയിട്ടും ആ മൃതദേഹം സംബന്ധിച്ച് ഒരു തുന്പും ഇതുവരെ കേസന്വേഷിക്കുന്ന പോലീസിനു ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്പോഴാണ് സമാനമായ നിലയിൽ മറ്റൊരു മൃതദേഹംകൂടി കണ്ടെത്തുന്നത്. ഇതും പൂർണമായി അഴുകിയ നിലയിലായിരുന്നു.
പ്രളയകാലത്ത് ഈ ഭാഗത്ത് വെള്ളം ഉയർന്നിരുനനു. ഇതിനു മുന്പുതന്നെ മരണം സംഭവിച്ചതാണെന്നാണ് പോലീസ് അനുമാനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. തലയുടെയും കാലുകളുടെയും ഭാഗങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
പുരുഷനാണോ സ്ത്രീയാണോ എന്ന് ഉറപ്പിച്ചാലേ തുടർ അന്വേഷണം നടക്കുകയുള്ളൂ. ശരീരഭാഗങ്ങളുടെ വിദഗ്ധ പരിശോധനയും വേണ്ടിവരും. കുനനംകുളം സിഐ കെ.ജി.സുരേഷന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്തായാലും ചൂണ്ടൽ പാടം ഭാഗത്ത് അടുത്തടുത്തായി രണ്ട് തിരിച്ചറിയാനാവാത്ത മൃതദേഹംങ്ങൾ കണ്ടെടുത്തത് ആളുകളിലും ഭീതി ഉയർത്തിയിട്ടുണ്ട്.
നു