കോഴഞ്ചേരി: ടിപ്പറിടിച്ച് നടുറോഡില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുന്നതിന് ആംബുലന്‍സുകളുടെ സഹായം അഭ്യര്‍ഥിച്ച് മടുത്ത പോലീസ് സംഘം ഒടുവില്‍ സ്ട്രെക്ചറില്‍ മൃതദേഹം ചുമന്നു.
ഇന്നലെ ഉച്ചയ്ക്ക് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിപ്പടിക്കു സമീപം ടിപ്പറിടിച്ച് മരിച്ച സ്കൂട്ടര്‍ യാത്രക്കാരനായ അയിരൂര്‍ കോറ്റാത്തൂര്‍ സ്വദേശി രമേശ് കുമാറിന്റെ മൃതദേഹമാണ് പോലീസ് ചുമന്ന് പൊയ്യാനില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചത്.
അപകടത്തില്‍ തല ഉള്‍പ്പെടെ തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഏറെനേരം കാത്തുനിന്നിട്ടും റോഡില്‍ നിന്നു മൃതദേഹം നീക്കാനാകാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്നെത്തിയ സ്ട്രെക്ചറില്‍ നാല് പോലീസുകാര്‍ തന്നെ മൃതദേഹം വഹിക്കുകയായിരുന്നു.
അരക്കിലോമീറ്ററോളം ഇത്തരത്തില്‍ മൃതദേഹം ചുമന്ന് മോര്‍ച്ചറിയിലെത്തിച്ചു. ആറന്മുള എസ്എച്ച്ഒ സന്തോഷ് കുമാറും സംഘവുമാണ് സ്ട്രെക്ചര്‍ ചുമന്നത്.
ജില്ലാ ആശുപത്രി, രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്കും സ്വകാര്യ സംഘടനകള്‍ക്കും സ്വന്തമായി ആംബുലന്‍സുള്ള സ്ഥലമാണ് കോഴഞ്ചേരി. നടുറോഡില്‍ പുതപ്പിച്ചിട്ട മൃതദേഹം നീക്കുന്നതിന് ഒരുമണിക്കൂറോളം ആംബുലന്‍സിനായി പോലീസ് കാത്തുനിന്നു.
ആംബുലന്‍സ് എത്തുന്നില്ലെന്നു കണ്ടതോടെയാണ് ഏതാനും പൊതുപ്രവര്‍ത്തകരുടെ കൂടി സഹകരണത്തില്‍ മൃതദേഹം ചുമന്നു നീക്കാന്‍ തീരുമാനിച്ചത്.