ഭുവനേശ്വർ: ഒഡീഷയിൽ ദഹിപ്പിക്കുന്നതിനിടെ പാതിവെന്ത മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച ശ്മശാന ജീവനക്കാർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിലാണു സംഭവം.
ഇതുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിംഗ് (58), നരേന്ദ്ര സിംഗ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിംഗി (25) ന്റേതായിരുന്നു മൃതദേഹം.
രോഗം ബാധിച്ചായിരുന്നു മധുസ്മിതയുടെ മരണം. അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ബന്ധുക്കൾ ശ്മശാനത്തിലെത്തിച്ച മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വേഗത്തിൽ കത്തുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം അവിടത്തെ ജീവനക്കാർ മൂന്നു കഷ്ണങ്ങളാക്കി.
ഇതിൽ ഒരു കഷ്ണം അവർ കൈയിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധു ലാബാ സിംഗ് പറഞ്ഞു. ശരീരഭാഗം കൈയിൽ വച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും അവരത് ഭക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമവാസികൾ ഇത് ചേദ്യംചെയ്ത് ഇരുവരെയും മർദിക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങൾ മദ്യലഹരിയിലാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തതെന്നു പോലീസിനോടു പറഞ്ഞു.