കൂത്തുപറമ്പ്: കണ്ണവം വനത്തിൽ മരിച്ചയാളെ ഡിഎൻഎ പരിശോനയിലൂടെ അഞ്ച് വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വനത്തിനുള്ളിൽ 2021 ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എടയാർ കോളനിയിലെ മനോജിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
2018ൽ കാണാതായ മനോജിന്റെ മൃതദേഹം അസ്ഥികൂടം മാത്രമായിട്ടാണ് കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത വനത്തിനുള്ളിലായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
നേരത്തെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിന് മരിച്ചത് മനോജ് ആണെന്ന് സൂചന ലഭിച്ചിരുന്നു. മനോജിന്റെ സഹോദരൻ ബാബുവിന്റെ ഡിഎൻഎ പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷമാണ് മനോജിന്റെ മൃതദേഹം തന്നെയാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചത്.
ഇയാൾ ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് ഭാര്യ കിണറ്റിൽ ചാടിയ സംഭവമുണ്ടായിരുന്നതായും ഇതിനു ശേഷം ഇയാൾ വനത്തിൽ കയറി ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അടുത്ത ദിവസം തന്നെ ഈയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തും. കണ്ണവം എസ്ഐ ടി.എം. വിപിൻ, സിപിഒ ഹാഷിം എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.