കണ്ണൂർ നഗരത്തിലെ കിണറ്റിൽ മൃതദേഹം; പള്ളിക്കുന്ന് സ്വദേശിയുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന കണ്ണൂർ: താളിക്കാവിൽ കമലാ ഇന്റർനാഷണൽ ഹോട്ടൽ കോന്പൗണ്ടിന്റെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
കാണാതായ പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റേതാണോ മൃതദേഹം എന്ന് ഉറപ്പിക്കാൻ അടുത്തദിവസം ഡിഎൻഎ ടെസ്റ്റ് കൂടി നടത്തും. ഇതിനു ശേഷമേ മരിച്ചയാളെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്ന് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.പതിനൊന്നു മാസം മുന്പ് പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കാണാതായതായി ടൗൺ പോലീസിൽ പരാതി ലഭിച്ചിരുന്നു.
കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് യുവാവിന്റെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിരുന്നു. വീട്ടുകാർ ഇന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ഇവർ തിരിച്ചറിഞ്ഞാൽ ബോഡി ഇവർക്കു വിട്ടുകൊടുക്കാനാണ് പോലീസ് തീരുമാനം. ഇന്നലെ രാവിലെയാണ് കിണറ്റിൽ നിന്നും അസ്ഥികൂടവും തലയോട്ടിയും കിട്ടിയത്.
കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ പി. ബാബുമോൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ സഹായത്തോടെ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിനടുവിലാണ് കിണറ്റിൽ നിന്നും തലയോട്ടി കണ്ടെത്തിയത്. കനത്ത നീരുറവയുള്ളതിനാൽ വെള്ളം വറ്റിക്കാനാണ് ഇത്രയും സമയമെടുത്തത്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.