ഗാന്ധിനഗർ: രണ്ടാം നിലയിൽ നിന്നും വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനയും നടത്താതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയതായി പരാതി.
റാന്നി വയ്യാറ്റുപുഴ സ്വദേശിയായ കപ്പമാവുങ്കൽ സുമ (52) യുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടു നല്കിയതായി പരാതി ഉയർന്നിരിക്കുന്നത്.
അമ്മഞ്ചേരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സുമ കഴിഞ്ഞ 15നാണ് കൊച്ചുമക്കളെ കുളിപ്പിക്കുന്നതിനിടയിൽ കാൽ വഴുതി രണ്ടാം നിലയിൽ നിന്നും താഴേക്കു വീണത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
16നു രാത്രി 10.30നു മരണപ്പെട്ടു. തുടർന്നാണ് പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനകളും നടത്താതെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോയത്. വിദേശത്തുള്ള മകളുടെ ഭർത്താവ് എത്തുന്നതിനായി മൃതദേഹം അവിടെയുള്ള ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെട്ടു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചശേഷം കോവിഡ് പരിശോധന നടത്തി.
ഇതിന്റെ റിസർട്ട് നെഗറ്റീവാണ്. ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടം നടത്തിയശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്കുകയെന്ന് ആർഎംഒ ഡോ. ആർ. പി. രഞ്ചിൻ പറഞ്ഞു.