ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാഥ മൃതദേഹങ്ങളുടെ എണ്ണം വർധിക്കുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗി, വെസ്റ്റ് പോലീസ് കഴിഞ്ഞ ഫെബ്രുവരി 11ന് കൊണ്ടുവന്ന് പിറ്റേ ദിവസം മരിച്ച സോമൻ (50), ഫെബ്രുവരി 14ന് കൊണ്ടുവന്ന് 28ന് മരിച്ച അജ്ഞാതൻ, ഏപ്രിൽ 28നു കൊണ്ടുവന്ന് അന്നു തന്നെ മരിച്ച ബാലൻ (52), ആലുവ ഈസ്റ്റ് പോലീസ് 28ന് കൊണ്ടുവന്ന് ജൂണ്‍ ആറിന് മരിച്ച തമിഴ്നാട് ഇളകന്തൂർ നോർത്ത് സ്ട്രീറ്റ് രാമലിംഗത്തിന്റെ ബന്ധു പിച്ചാ മണി(64) , കോട്ടയം ഈസ്റ്റ് പോലീസ് ജൂണ്‍ 30ന് കൊണ്ടുവന്ന് ജൂലൈ നാലിന് മരണപ്പെട്ട സെൽവൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ആലുവ ഈസ്റ്റ് പോലീസ് കൊണ്ടുവന്ന പിച്ചാമണിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടി സ്വീകരിച്ച ശേഷം വീണ്ടും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഈ അടുത്ത ദിവസങ്ങളിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇനിയും ഒരു നിശ്ചിത കാലാവധി വരെ സൂക്ഷിക്കാമെങ്കിലും ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങളെങ്കിലും കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ മറവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.