മാന്നാർ: കോവിഡ് ബാധിച്ച് മരിച്ച യാചകന് ചിതയൊരുക്കി യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസം പരുമലയിൽ കുഴഞ്ഞു വീണു മരിച്ച യാചകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതശരീരം ഏറ്റുവാങ്ങാൻ ബന്ധുമിത്രാദികൾ വരാത്തതിനാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശവസംസ്കാരം നടത്താൻ യുവാക്കൾ തയ്യാറാവുകയായിരുന്നു.
വർഷങ്ങളായി പരുമല പാലത്തിന് സമീപം താമസിച്ച് ഭിക്ഷാടനം നടത്തി വരുകയായിരുന്നു.ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന പത്തോളം പേരെ നിരീക്ഷണത്തിൽ അയയ്ക്കുകയും സമീപത്തുള്ള കടകൾ അടപ്പിക്കുകയും ചെയ്തു.
തുടർന്ന് പരുമല പാലം മുതൽ കുരിശടി വരെ ഡിവൈഎഫ്ഐ തിരു വല്ല ബ്ലോക്ക് പ്രസിഡൻ്റ് അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി ശുചീകരിച്ചു .
യാചകന്റെ മൃതദേഹം പരുമല പൊതുശ്മസാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സോജിത് സോമന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പരുമല മേഖലാ സെക്രട്ടറി മനീഷ്, തിക്കപ്പുഴ യൂണിറ്റ് പ്രസിഡന്റ് വിപിൻ , യൂണിറ്റ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ ചേർന്ന് സംസ്കരിച്ചു .